റോഡ് പണിയുടെ ബിൽ മാറാൻ 10,000 രൂപ കൈക്കൂലി; ഉദ്യോഗസ്ഥന് പത്ത് വർഷം കഠിന തടവ്

Share our post

തിരുവനന്തപുരം: റോഡിൽ ഇന്റർ ലോക്ക് പാകിയ പ്രവൃത്തിയുടെ ബിൽ മാറി നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ മുൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് 10 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസിലെ മുൻ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന സി ശിശുപാലനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് എ മനോജ്‌ ശിക്ഷിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് പരിധിയിൽ ബീമാപള്ളി വാർഡിൽ പണി പൂർത്തിയാക്കിയ പ്രവൃത്തിയുടെ ബിൽ മാറി നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെയാണ് ശിശുപാലൻ അറസ്റ്റിലായത്. പരാതിക്കാരനായ കരാറുകാരൻ 2017-2018 കാലഘട്ടത്തിൽ ബീമാപള്ളി വാർഡിലെ ഒരു റോഡിൽ ഇന്റർ ലോക്ക് പാകുന്ന ഒരു പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. പൂർത്തീകരിച്ച പ്രവൃത്തിയുടെ ബിൽ തുകയായ 4,22,000 രൂപ മാറി നൽകുന്നതിന് ശിശുപാലൻ 15,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 5,000 രൂപ വാങ്ങിയുരന്നു. ബാക്കി തുകയായ 10,000 രൂപ വാങ്ങവെയാണ് വിജിലൻസ് പിടികൂടിയത്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!