തലശ്ശേരിക്കാരുടെ കേയീസ് ബംഗ്ലാവ് ഇനി കാണാമറയത്ത്
തലശ്ശേരി: നഗരത്തിലെ പുരാതന തറവാടായ കായ്യത്ത് റോഡിലെ കേയീസ് ബംഗ്ലാവും ഓർമയിലേക്ക് മറയുന്നു. താമസിക്കാൻ ആളില്ലാത്തതിനാൽ എട്ടുവർഷം മുമ്പ് വിൽപന നടത്തിയ ബംഗ്ലാവ് പൊളിച്ചു മാറ്റാൻ തുടങ്ങി. മൂന്നാഴ്ച മുമ്പാണ് പ്രവൃത്തി തുടങ്ങിയത്. ബംഗ്ലാവിന്റെ മേൽക്കൂര പൊളിച്ചു. കട്ടിളയടക്കമുള്ള മര ഉരുപ്പടികൾ ഏതാണ്ട് ഇളക്കിയെടുത്തു. പൊളിക്കാനുള്ള പ്രവൃത്തി പൂർത്തിയാക്കാൻ ഇനിയും ആഴ്ചകളെടുക്കും.
നഗരത്തിലെ പുരാതന തറവാടുകളിൽ ഏറെ പഴക്കമുളളതാണ് കേയീസ് ബംഗ്ലാവ്. ഇവിടെ 12 കിടപ്പുമുറികളുണ്ട്. മുകളിലത്തെ നിലയിലും താഴത്തെ നിലയിലുമായി രണ്ട് അടുക്കള. രണ്ട് കാർ ഷെഡ്, വിറക്പുര, വളർത്തു മൃഗങ്ങൾക്കുള്ള സൗകര്യം എന്നിവയുമുണ്ട്. മക്കളുടെ മരണശേഷം മക്കളുടെ മക്കളായ 21 അവകാശികളാണ് ബംഗ്ലാവിനുണ്ടായിരുന്നത്. 19 ആളുകൾ താമസം മാറ്റിയതോടെ താമസിക്കാൻ രണ്ടു പേർ മാത്രമായി. ഒടുവിൽ ബംഗ്ലാവ് വിൽപന നടത്തുകയായിരുന്നു. ബംഗ്ലാവിനോട് ചേർന്ന് 70 സെന്റ് ഭൂമിയുണ്ട്. തലശ്ശേരിയിൽ പഴയ മുസ്ലിം തറവാടുകളിൽ ടി.സി മുക്കിലെ മാളിയേക്കൽ, സ്റ്റേഡിയം കോർണറിലെ ബംഗ്ല എന്നിവയടക്കം വിരലിലെണ്ണാവുന്നവ മാത്രമാണ് ഇനി ബാക്കിയുള്ളത്.
രാഷ്ട്രീയത്തിലും പറയാനേറെ
കേയീസ് ബംഗ്ലാവിന് രാഷ്ട്രീയത്തിലും പറയാൻ കഥകളേറെയുണ്ട്. സംസ്ഥാന മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ഒത്തുകൂടിയതാണ് കേയീസ് ബംഗ്ലാവ്. കേരള രാഷ്ട്രീയത്തിന് തലശ്ശേരിയുടെ സംഭാവനയായ സി.കെ.പി. ചെറിയ മമ്മുക്കേയി ഇവിടെയാണ് താമസിച്ചത്. ബ്രിട്ടീഷ് സർക്കാറിന്റെ ഖാൻ പട്ടം ലഭിച്ച ഖാൻ ബഹദൂർ വലിയ മമ്മുക്കേയി തന്റെ അഞ്ചുമക്കൾക്ക് നിർമിച്ചതാണ് ബംഗ്ലാവ്. കുഞ്ഞാമിന, ബീക്കുട്ടി, ഉമ്മി, സാറു, കലന്തത്തി എന്നിവരായിരുന്നു മക്കൾ.മൂന്നാമത്തെ മകളായ ഉമ്മിയെ കല്യാണം കഴിച്ചതോടെ ചെറിയ മമ്മുക്കേയി ബംഗ്ലാവിൽ പുതിയാപ്ലയായെത്തി. മുസ്ലിം ലീഗ് ഉൾപ്പെട്ട മുന്നണിക്ക് ആദ്യമായി ഭരണം ലഭിച്ച 1967ൽ ബംഗ്ലാവ് സംസ്ഥാന നേതാക്കളുടെ പ്രവർത്തന കേന്ദ്രമായി. തലശ്ശേരി കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ, കെ. കരുണാകരൻ, ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ, എൻ.ഇ. ബാലറാം എന്നിവർ സ്ഥിരമായി ബംഗ്ലാവിൽ വന്നുപോയിക്കൊണ്ടിരുന്നു. സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ മന്ത്രിമാർ ക്യാമ്പ് ചെയ്തപ്പോൾ മന്ത്രിമാരുടെ ആസ്ഥാനമായി ബംഗ്ലാവ് മാറി. അഖിലേന്ത്യ മുസ്ലിം ലീഗ് രൂപം കൊണ്ടപ്പോൾ ഓഫിസായി.മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്, എ.കെ.ജി എന്നിവർ പലതവണ ബംഗ്ലാവിലെത്തി. എ.കെ.ജിയും ചെറിയ മമ്മുക്കേയിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ അടയാളമാണ് തലശ്ശേരി എം.ജി റോഡിലെ ഇന്ത്യൻ കോഫി ഹൗസ് കെട്ടിടം. എ.കെ.ജിയുമായുള്ള സൗഹൃദമാണ് കോഫി ഹൗസിന് സ്ഥലം നൽകാൻ മമ്മുക്കേയിയെ പ്രേരിപ്പിച്ചത്. 1977ൽ അടിയന്തരാവസ്ഥക്ക് ശേഷം കെ.ജി. മാരാർ, കെ. ചന്ദ്രശേഖരൻ, അരങ്ങിൽ ശ്രീധരൻ എന്നിവർ ഇവിടെ നിത്യസന്ദർശകരായിരുന്നു. ചെറിയ മമ്മുക്കേയി നോമ്പിന് നൂറുകണക്കിന് ആളുകളെ ക്ഷണിച്ച് നോമ്പ് തുറ നടത്തിയതും പഴമക്കാരുടെ ഓർമയിലുണ്ട്. ബാഫഖി തങ്ങളുടെ മരണശേഷമുള്ള ആൽബം കാണാൻ ആഴ്ചകളോളം ആളുകൾ ബംഗ്ലാവിലെത്തി.
മക്കയിൽ മരിച്ച ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങുകളുടെ ഫോട്ടോ ആൽബം ചെറിയ മമ്മുക്കേയിയാണ് തലശ്ശേരിയിൽ കൊണ്ടുവന്നത്. ബേബി ജോൺ, ടി.വി. തോമസ് എന്നിവരും വിശേഷ ചടങ്ങളുകളിൽ ബംഗ്ലാവിലെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി. അരവിന്ദാക്ഷന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായും കേയീസ് ബംഗ്ലാവ് പ്രവർത്തിച്ചു. വ്യവസായി പൊട്ടങ്കണ്ടി അബ്ദുല്ല ഉൾപ്പെടെ യുള്ളവരാണ് ബംഗ്ലാവ് വിലക്കെടുത്തത്. കോഴിക്കോട് നിന്നെത്തിയ തൊഴിലാളികളാണ് ബംഗ്ലാവ് പൊളിക്കുന്നത്.
