ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; പ്രതിശ്രുത വരനടക്കം പത്തോളം പേർക്കെതിരെ കേസ്
കോട്ടക്കൽ: ഒമ്പതാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരനടക്കം പത്തോളം പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴക്കടുത്ത് മാറാക്കര മാറാക്കര പഞ്ചായത്തിൽ മരവട്ടത്താണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് 22കാരനായ പ്രതിശ്രുതവരനും കുടുംബവും 14കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് മിഠായി കൊടുത്തു. ഇരുവീട്ടുകാരും ബന്ധുക്കളാണ്. വിവരം അറിഞ്ഞതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹം നടത്തരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, കുടുംബം മുന്നോട്ട് പോയതോടെ കാടാമ്പുഴ പൊലീസ് ഇൻസ്പെക്ടർ വി.കെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി നടപടി സ്വീകരിച്ചു. വരന്റെ പിതാവ്, കുട്ടിയുടെ മാതാവ്, കണ്ടാലറിയാവുന്ന ഏഴുപേർ എന്നിവർക്കെതിരെയാണ് കേസ്. കുട്ടിയെ സി.ഡബ്ള്യു.സി മുൻപാകെ ഹാജരാക്കി മലപ്പുറം സ്നേഹിതയിലേക്ക് മാറ്റി.
