ഉണ്ണിക്കൃഷ്ണൻ പോറ്റിയും സംഘവും അപഹരിച്ചത് 474.9 ഗ്രാം സ്വർണം
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളികളിലെ സ്വർണം കാണാതായതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന വ്യക്തമാണെന്ന് ഹെെക്കോടതി ദേവസ്വം ബെഞ്ച്. സ്വർണം പൊതിഞ്ഞ ശിൽപ്പപാളികൾ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാന്‍ ദേവസ്വം കമീഷണര്‍ എടുത്ത നിലപാടിലും വൈദഗ്‌ധ്യമില്ലാത്ത സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് ഇവ എത്തിച്ചതിലും ശിൽപ്പപാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നടപടിയിലും ദുരൂഹതയുണ്ട്. കേസെടുത്ത് സമഗ്രമായി അന്വേഷിക്കാനും ആറാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാനും പ്രത്യേക അന്വേഷകസംഘത്തോട് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമർപ്പിക്കണം. സംസ്ഥാന പൊലീസ് മേധാവിയെ കേസിൽ കക്ഷിചേർത്തു. അന്വേഷകസംഘത്തെയും വിപുലപ്പെടുത്തി. മോഷണവും ക്രമക്കേടും വിശ്വാസവഞ്ചനയും നടത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു.
സ്വര്‍ണം ഉരുക്കിമാറ്റാനുള്ള വൈദഗ്ധ്യം ഇല്ലാത്ത സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കാണ് സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്ക് അയച്ചത്. സ്വർണം പൂശിയശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതായാണ് കമ്പനി അറിയിച്ചത്. ഇത് ദേവസ്വത്തിൽ തിരിച്ചെത്തിയതിന് രേഖകളില്ലെന്നും കോടതി പറഞ്ഞു. ദ്വാരപാലക ശിൽപ്പങ്ങൾക്കുപുറമേ 2019ൽ ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ഉണ്ണിക്കൃഷ്ണൻ പോറ്റി 474.9 ഗ്രാം സ്വർണം അപഹരിച്ചതായി ദേവസ്വം വിജിലൻസ് ഓഫീസർ കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. കട്ടിളയിൽ സ്വർണം പൊതിഞ്ഞിരുന്നെങ്കിലും ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയാണ് ദേവസ്വം ബോർഡ് പോറ്റിക്ക് ഇതിനുള്ള ഉത്തരവ് നൽകിയതെന്ന് വിജിലൻസ് റിപ്പോർട്ട് പ്രകാരം കോടതി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 2019 മെയ് 18ന് തയ്യാറാക്കിയ മഹസറിൽ തന്ത്രി കണ്ഠരര് രാജീവരര്, അന്നത്തെ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബു തുടങ്ങിയവർ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ എസ് ജയകുമാർ, പി ജെ രജീഷ്, കെ എ സുലിൻകുമാർ, ആർ ശങ്കരനാരായണൻ, വി എം കുമാർ, സി ആർ ബിജുമോൻ, ഡി ജയകുമാർ എന്നിവരും മഹസറിൽ ഒപ്പിട്ടിട്ടുണ്ട്.
