ഷാഫി പറമ്പിൽ എംപിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി;സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

Share our post

പേരാമ്പ്ര: യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി.സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ പറഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്.പിന്നാലെയാണ് ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്. അതേസമയം ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് സംസ്ഥാനതല പ്രതിഷേധസംഗമം നടക്കും. കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. നിരവധി സ്ഥലങ്ങളിൽ പൊലീസ് പ്രതിഷേധക്കാരെ നീക്കാൻ ബലം പ്രയോഗിക്കേണ്ടിവന്നു.

വിവിധ ജില്ലകളിൽ കോൺഗ്രസ് മാർച്ചുകൾക്കും ദേശീയപാത ഉപരോധങ്ങൾക്കും ഇടയിൽ സംഘർഷം ഉണ്ടായി. പലയിടങ്ങളിലും നീണ്ട നേരം ഗതാഗതം നിലച്ചിരുന്നു. തലസ്ഥാനത്ത് ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൻ സംഘർഷം ഉണ്ടായി. തുടർന്ന് പൊലീസ് ലാത്തിചാർജ് നടത്തി. കൊല്ലത്ത് രാത്രി വൈകിയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചവറ പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. കരുനാഗപ്പള്ളിയിൽ ദേശീയപാത തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ആലപ്പുഴയിൽ കളർകോട് ജംഗ്ഷനും ഹൈവേ പാലവും അടക്കം പ്രദേശങ്ങളിൽ ഗതാഗതം സ്തംഭിപ്പിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട സമരത്തിനു ശേഷം പൊലീസ് ഇടപെട്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. എറണാകുളത്ത് കളമശ്ശേരി എച്ച്‌എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചപ്പോൾ സംഘർഷം ഉണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!