ഡോ. ചായം ധർമ്മരാജൻ അന്തരിച്ചു
തിരുവനന്തപുരം : കവിയും അധ്യാപകനുമായിരുന്ന വിതുര വലിയ താന്നിമൂട് ചുണ്ട കരിക്കകം നിലാവിൽ ഡോ. ചായം ധർമ്മരാജൻ (57) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. എകെജിസിടിയുടെ വിവിധ യൂണിറ്റുകളിലെ പ്രസിഡന്റായും ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. ചായം ധർമ്മരാജന്റെ വിയോഗത്തിൽ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്തെ വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിതുരയ്ക്കടുത്തുള്ള ചായം ഗ്രാമത്തിലാണ് ജനനം. 2002ലാണ് കട്ടപ്പന ഗവ. കോളേജിൽ അധ്യാപകനായി ജോലി ലഭിച്ച ത്. പിന്നീട് ആറ്റിങ്ങൽ ഗവ. കോളേജ്, ഗവ. വിമൻസ് കോളേജ് തിരുവനന്തപുരം, നെടുമങ്ങാട് ഗവ. കോളേജ് തുടങ്ങിയയിടങ്ങളിൽ മലയാള വിഭാഗത്തിന്റെ തലവനായി. നിരവധി കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കെഎസ്ആർടിസി ജീവനക്കാരിയും എഴുത്തുകാരിയുമായ ഡോ. കവിതയാണ് ഭാര്യ.
