വനിതാ സംരംഭകർക്ക് ടൂറിസം വകുപ്പിന്റെ കൈത്താങ്ങ്; കുറഞ്ഞ പലിശയില്‍ വായ്പാ പദ്ധതി

കണ്ണൂർ: സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്‍റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും പദ്ധതിക്ക് ഈ മാസം അംഗീകാരം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കാണ് പലിശയിളവ് നല്‍കുക. ഇതുവഴി കൂടുതല്‍ സ്ത്രീകളെ ടൂറിസം മേഖലയിലേക്ക്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോം സ്റ്റേ നടത്തിപ്പുകാര്‍, ടാക്സി ഓടിക്കുന്നവര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരസ്പരം ബന്ധപ്പെടുത്തി ഒരു ശൃംഖല രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. വനിതാ സഞ്ചാരികള്‍ക്ക് ഈ ശൃംഖല പ്രയോജനപ്പെടുത്തി യാത്ര ചെയ്യാനാവും. സ്ത്രീസൗഹാര്‍ദ ടൂറിസം പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം ടൂറിസം-ഹോസ്പിറ്റാലിറ്റി പരിശീലനവും നല്‍കും. സഞ്ചാരികളെ എങ്ങനെ സ്വീകരിക്കണമെന്നും അവര്‍ക്ക് എങ്ങനെ മികച്ച സഞ്ചാരാനുഭവം പ്രദാനം ചെയ്യണമെന്നും ഈ പരിശീലനത്തിലൂടെ നേടാനാകും.