അവകാശ സംരക്ഷണ യാത്ര തലശ്ശേരി അതിരൂപത സമാപന സമ്മേളനം ചൊവ്വാഴ്ച പേരാവൂരിൽ

പേരാവൂർ: കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര തലശ്ശേരി അതിരൂപത സമാപന സമ്മേളനം ചൊവ്വാഴ്ച പേരാവൂരിൽ നടക്കും. വൈകിട്ട് നാലിന് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്ര മൈതാനിയിൽ നിന്നാരംഭിക്കുന്ന റാലി പേരാവൂർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി ഫ്ലാഗ് ഓഫ് ചെയ്യും. റാലിയിൽ പേരാവൂർ, എടൂർ, കുന്നോത്ത് ഫോറോനകളിലെ മുഴുവൻ ഇടവകകളിൽ നിന്നുമായി ആയിരങ്ങൾ പങ്കെടുക്കും. അഞ്ച് മണിക്ക് സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽ സമാപന സമ്മേളനവും ജാഥ ക്യാപ്റ്റൻ പ്രൊഫ. രാജീവ് കൊച്ചുപറമ്പിലിന് സ്വീകരണവും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ആമുഖ ഭാഷണവും ബിഷപ്പ് ലഗേറ്റ് മാർ. റെമിജിയൂസ് ഇഞ്ചനാനിയിൽ മുഖ്യ പ്രഭാഷണവും നടത്തും. അവകാശ സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം ഞായറാഴ്ച വൈകിട്ട് മൂന്നിന് കൊളക്കാട് നിന്നാരംഭിക്കുന്ന ബൈക്ക് റാലി പേരാവൂർ ഫോറോനയിലെ മുഴുവൻ ഇടവകകളിലൂടെയും സഞ്ചരിച്ച് മേജർ ആർക്കി എക്കിസ്ക്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ സമാപിക്കും. പത്രസമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ.ഫിലിപ്പ് കവിയിൽ ഗ്ലോബൽ റിസോഴ്സ് ടീം അംഗം ജോണി തോമസ് വടക്കേക്കര, പേരാവൂർ ഫോറോന പ്രസിഡന്റ് ജോർജ് കാനാട്ട്, ഒ.മാത്യു, ജോബി കുര്യൻ, ബ്രിട്ടോ ജോസ് എന്നിവർ സംബന്ധിച്ചു.