രാഷ്ട്രപതി 22ന് ശബരിമലയിൽ; തീർത്ഥാടകർക്ക് നിയന്ത്രണം

Share our post

ശബരിമല : രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി തുലാമാസ പൂജയ്ക്ക് തീർഥാടകരുടെ ദർശനത്തിന് നിയന്ത്രണം . ഈ മാസം 22ന് വൈകിട്ട് 3ന് രാഷ്ട്രപതി സന്നിധാനത്ത് എത്തുമെന്ന രാഷ്ട്രപതിഭവൻ്റെ അറിയിപ്പ് ഇന്നലെ സംസ്‌ഥാന സർക്കാരിനു ലഭിച്ചു. രാഷ്ട്രപതി ദർശനത്തിന് എത്തുന്ന സമയം നിശ്ചയിക്കണമെന്ന ശുപാർശ ദേവസ്വം ബോർഡും പൊലീസും രാഷ്ട്രപതിഭവനെ അറിയിച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടുമായി എത്തുന്ന രാഷ്ട്രപതിക്ക് നെയ്യഭിഷേക വഴിപാട് നടത്തണമെങ്കിൽ ഉച്ചപൂജയ്ക്കു മുൻപ് എത്തണമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ‌നം ഉള്ളതിനാൽ തുലാമാസ പൂജയ്ക്കായി നടതുറക്കുന്ന 17നു മാത്രമാണു തീർഥാടകർക്ക് ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ളത്. നട തുറക്കുന്നത് വൈകിട്ട് ആയതിനാൽ കുറച്ചു പേർക്കു മാത്രമേ അന്ന് അവസരം ലഭിക്കൂ. പൊലീസിന്റെ നിർദേശം ലഭിച്ചാൽ 18 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ് അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. 21നും 22നും ആർക്കും ബുക്കിങ് അനുവദിക്കില്ലെന്നാണു പൊലീസ് നൽകുന്ന സൂചന. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഇന്നലെ ഇവിടെ എത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!