കനത്ത ചൂട്: ഓട്ടമത്സരത്തിനിടെ ഒമ്പത് വിദ്യാർഥികൾക്ക് കാലിന് പൊള്ളലേറ്റു

തലശേരി: തലശേരി നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ തിങ്കളാഴ്ച നടന്ന മട്ടന്നൂർ ഉപജില്ലാ കായികമേളയുടെ ഓട്ട മത്സരത്തിൽ പങ്കെടുത്ത ഒമ്പത് കുട്ടികൾക്ക് കടുത്ത ചൂടിൽ കാലിന് പൊള്ളലേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. 400 മീറ്റർ ഓട്ട മത്സരത്തിൽ ഷൂ ധരിക്കാതെ ഓടിയ കുട്ടികളാണ് മത്സരത്തിനൊടുവിൽ പൊള്ളലേറ്റ് അവശരായത്. കാലിനടിയിൽ സാരമായി പൊള്ളലേറ്റ ഏഴാംതരം വിദ്യാർഥികളായ മെരുവമ്പായി യുപി സ്കൂളിലെ സൂര്യകിരൺ, മുട്ടന്നൂർ യുപി സ്കൂളിലെ പി പി ശിവന്യ, യു പി ശിവനന്ദ, ആര്യ, കെ മുഹമ്മദ്, ആർ അഭിനവ്, വേങ്ങാട് മാപ്പിള യുപി സ്കൂളിലെ ആയിഷ ജംഷീർ, ശിവപുരം എച്ച്എസ്എസിലെ കെ ഷിയോണ, ആറാംക്ലാസ് വിദ്യാർഥിനി കെ വി ചൈതന്യ എന്നിവരെ സ്റ്റേഡിയത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആംബുലൻസിൽ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഐസ് കട്ടകളും ഓയിന്റ്‌മെന്റുംവച്ചാണ് ആശുപത്രി ജീവനക്കാർ വിദ്യാർഥികളുടെ കാലിന്റെ നീറ്റലകറ്റിയത്. കഴിഞ്ഞ രണ്ടുദിവസമായി മട്ടന്നൂർ സബ്ജില്ലാ കായിക മേള തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. മത്സരം മെച്ചപ്പെട്ട രീതിയിൽ നടത്താനാണ് നഗരസഭാ സ്റ്റേഡിയം തെരഞ്ഞെടുത്തത്. എന്നാൽ യുപി സ്കൂൾ വിദ്യാർഥികൾ ഓട്ടമത്സരത്തിന് ഷൂ കരുതാതിരുന്നതാണ് പൊള്ളലേൽക്കാനിടയാക്കിയതെന്ന് സംഘാടകർ പറഞ്ഞു. സിന്തറ്റിക് ട്രാക്കിൽ ഷൂസ്, സ്പൈക്ക് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഓടണമെന്നാണ് നിയമമെങ്കിലും ജൂനിയർ വിഭാഗം വിദ്യാർഥികൾ ഭൂരിഭാഗവും ഇവ ഉപയോഗിക്കാറില്ല. ഈയൊരു കാരണത്താൽ കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാതിരിക്കാൻ സാധിക്കില്ല എന്നതാണ് വസ്തുതയെന്ന് എഇഒ സി ബിന്ദു പറഞ്ഞു. മുന്പും കടുത്ത വേനലിൽ വിദ്യാർഥികൾക്ക് കാലിന് പൊള്ളലേറ്റ സംഭവമുണ്ടായിട്ടുണ്ട്. എട്ട് ഹയർ സെക്കൻഡറി, എട്ട് ഹൈസ്കൂൾ, 28 യുപി സ്കൂളുകളിൽ നിന്നുള്ള എഴുന്നൂറോളം വിദ്യാർഥികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ചയും മത്സരം തുടരും.