ശബരിമല സ്വർണപാളി വിഷയം: മുരാരി ബാബുവിന് സസ്പെൻഷൻ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്പെൻഷൻ. 2019ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപാളി അറ്റകുറ്റപണികൾക്കായി കൊണ്ടുപോയപ്പോൾ മഹസറിൽ ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായി എന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് നടപടി. ദേവസ്വം ബോർഡിന്റെ ബോർഡ് യോഗത്തിലാണ് തീരുമാനം. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് ദേവസ്വം വിജിലൻസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്. 2019ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമീഷണർ കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. മുരാരി ബാബു മാത്രമാണ് നിലവിൽ സര്‍വീസിലുള്ളത്. മറ്റ് രണ്ട് പേരും സര്‍വീസിൽ നിന്ന് വിരമിച്ചു. മുരാരി ബാബു ദേവസ്വം ബോര്‍ഡ് (ഹരിപ്പാട്) ഡെപ്യൂട്ടി കമീഷണറാണ്.
