അഴീക്കലിൽ വയോധികന് ക്രൂര മർദനം; യുവാക്കൾക്കെതിരെ കേസ്
കണ്ണൂർ :അഴീക്കലിൽ വയോധികനെ മർദിച്ച യുവാക്കൾക്കെതിരെ കേസ്. റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. വയോധികൻ റോഡിൽ കാർ നിർത്തിയത് യുവാക്കൾ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ, യുവാക്കളെ വയോധികൻ അസഭ്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. അഴീക്കൽ മുണ്ടച്ചാലിൽ ബാലകൃഷ്ണനാണ് മർദനമേറ്റത്. ഇയാളുടെ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തു. യറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കാറിനകത്ത് ഇരിക്കുകയായിരുന്ന ബാലകൃഷ്ണനെ യുവാക്കൾ മർദിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങി നടന്നു പോയപ്പോൾ പിന്നാലെ ചെന്നും മർദിച്ചു. വീട്ടിൽ കയറി വെട്ടുമെന്നും ഭീഷണിപ്പെടുത്തി. മർദനമേൽക്കാതിരിക്കാൻ ബാലകൃഷ്ണൻ കടയിലേക്ക് കയറിയപ്പോൾ യുവാക്കളും കടയിലേക്ക് കയറി മർദിച്ചു. തുടർന്ന്, നാട്ടുകാർ ഇടപെട്ട് യുവാക്കളെ മാറ്റുകയായിരുന്നു. കണ്ടാലറിയാവുന്ന യുവാക്കൾക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ബാലകൃഷ്ണൻ പരാതി നൽകിയത്.
