കഫ് സിറപ്പ് മരണം; കേരളത്തിലും ജാഗ്രത, ഫാര്‍മസികളില്‍ പരിശോധന
കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ കേരളത്തിലും ജാഗ്രത. പരാതിക്ക് ഇടയാക്കിയ കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പികളുകള്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170ബോട്ടിലുകളാണ് കേരളത്തില്‍ നിന്ന് ശേഖരിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ മേഖലകളില്‍ നിന്നാണ് ഇത് ശേഖരിച്ചത്. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്.ആര് 13 ബാച്ച് കേരളത്തില്‍ വില്പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ നിഗമനം. കോള്‍ഡ്രിഫിന്റെ വില്പന പൂര്‍ണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ബാച്ചും ഇനി വില്‍ക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല. ഈ കഫ് സിറപ്പിന്റെ വില്പന തടയാനായി ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും.സംസ്ഥാനത്ത് വില്പന നടത്തുന്ന എല്ലാ ചുമമരുന്നുകളിലും ഡ്രഗ്സ് കണ്ട്രോള് വിഭാഗം നിരീക്ഷണം കര്‍ശനമാക്കി. 52 മരുന്നുകളുടെ സാമ്പിളുകള്‍ സംസ്ഥാന ഡഗ് കണ്ട്രോളര് വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചു. കേരളത്തില്‍ നിര്‍മിക്കുന്ന അഞ്ച് ബ്രാന്‍ഡുകളുടെയും സാമ്പിളുകള്‍ വകുപ്പിന്റെ വിവിധ ലാബുകളില്‍ ഇത് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. അനുവദിനീയമായതിലും അധികം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
