എട്ടുമാസത്തിനിടെ കേരളത്തിൽ നായുടെ കടിയേറ്റത് രണ്ടര ലക്ഷം പേർക്ക്

സംസ്ഥാനത്ത് ഈ വർഷം ആഗസ്റ്റ് വരെ നായുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് 2,52,561 പേർ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണക്കാണിത്. 40,413 എണ്ണം റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിൽനിന്നാണ്. മറ്റ് ജില്ലകളിലെ കണക്ക്: കൊല്ലം 31,015, പത്തനംതിട്ട 14,494, ആലപ്പുഴ 23,969, കോട്ടയം 17,956, ഇടുക്കി 7646, എറണാകുളം 23,877, തൃശൂർ 23,580, പാലക്കാട് 24,065, മലപ്പുറം 8228, കോഴിക്കോട് 14,186, വയനാട് 4551, കണ്ണൂർ 12,171, കാസർകോട് 6410. തെരുവുനായ ശല്ല്യം സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഗുരുതര പ്രശ്നമായി തുടരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ. തെരുവ് നായയുടെ കടിയേറ്റ് ഈ വർഷം മാത്രം കുട്ടികൾ ഉൾപ്പെടെ 20ൽ ഏറെ പേർക്ക് ജീവനും നഷ്ടമായിട്ടുണ്ട്. വന്ധ്യംകരണ, പുനരധിവാസ പദ്ധതികള്‍ പാളിയതാണു തെരുവുനായ്ക്കളുടെ പെരുകലിനു കാരണം. തെരുവ് നായ ശല്ല്യത്തിന് പരിഹാരം കാണാൻ സുപ്രീം കോടതി തന്നെ അടുത്തിടെ നേരിട്ട് ഇടപെട്ടിരുന്നു. രാജ്യത്തെ വർധിക്കുന്ന തെരുവ് നായ ആക്രമണങ്ങളുടെ കണക്ക് അടുത്തിടെ കേന്ദ്ര മന്ത്രി എസ്.പി.സിങ് ഭാഗേൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം മാത്രം 37 ലക്ഷം പേർക്കാണ് കടിയേറ്റത്. പേവിഷ ബാധയേറ്റ് 54 പേർമരിച്ചു.