വന്യജീവി സംഘർഷംഹെൽപ്പ് ഡെസ്‌കിൽ ലഭിച്ചത് 7200 പരാതികൾ;പരിഹരിച്ചത് 254 എണ്ണം മാത്രം
ഇരിട്ടി : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്‌കുകളിൽ പരാതി സമർപ്പിക്കേണ്ട സയമം കഴിഞ്ഞപ്പോൾ ജില്ലയിലാകെ ലഭിച്ചത് 7200 പരാതി. ഇവയിൽ റെയ്‌ഞ്ച് തലത്തിൽ തീർപ്പാക്കിയത് 254 എണ്ണം മാത്രം. ഹെൽപ്പ് ഡെസ്കുകളിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും കുരങ്ങ്, കാട്ടുപന്നി ശല്യത്തെക്കുറിച്ചായിരുന്നു. ഈ രണ്ട് പരാതികളിലും വനംവകുപ്പിന്റെ കാര്യമായ നടപടി ഉണ്ടായതുമില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാനുള്ള അധികാരം പഞ്ചായത്തുകൾക്കാണ്. ഇത്തരം പരാതികൾ വനംവകുപ്പ് പഞ്ചായത്തുകൾക്ക് കൈമാറി. കുരങ്ങുകൾ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയായതിനാൽ ഇതുമായി ബന്ധപ്പെട്ട പരാതികൾക്ക് താഴെത്തട്ടിൽ പരിഹാരം നിർദേശിക്കാനും പറ്റിയില്ല. പടക്കം പൊട്ടിച്ച് അകറ്റിയും കൂട് സ്ഥാപിച്ച് പിടിച്ച് വനമേഖലയിലേക്ക് വിടുകയും മാത്രമാണ് വനം വകുപ്പിന് ചെയ്യാനുള്ളത്..
വന്യജീവി സംഘർഷം പരിഹരിക്കുന്നതിനും ജനങ്ങളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ 45 ദിവസം നീളുന്ന ഒരു തീവ്രയജ്ഞ പരിപാടി എന്ന നിലയിലാണ് ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയത്. വനം വകുപ്പിനെ കൂടുതൽ ജനസൗഹൃദമാക്കുകയും ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് പ്രശ്‌നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുകയുമായിരുന്നു ലക്ഷ്യം. എന്നാൽ പ്രശ്‌നങ്ങൾക്ക് പകുതിപോലും പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞതുമില്ല. വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന കൃഷിനാശത്തിന് അക്ഷയ വഴി മാത്രമേ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ കഴിയൂ. ഇത്തരത്തിൽ അപേക്ഷ നൽകാനുള്ള മാർഗനിർദേശങ്ങൾ മാത്രമാണ് ഹെൽപ്പ് ഡെസ്‌ക് വഴി ലഭിച്ചുള്ളു. നേരത്തേ അക്ഷയ വഴി കിട്ടിയ അപേക്ഷയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാൻ ഹെൽപ്പ് ഡെസ്‌കിലൂടെ സാധിച്ചതു മാത്രമാണ് മിച്ചം. തേനീച്ച കുത്തി പരിക്കേറ്റവർക്ക് നഷ്ടപരിഹാരത്തിന് ഇപ്പോൾ അർഹത ഇല്ല. ഇത്തരം പരാതികളും ഹെൽപ്പ് ഡെസ്‌കിൽ ലഭിച്ചിരുന്നു.
13 ഹെൽപ്പ് ഡെസ്‌കുകൾ; പരാതികൾ കൂടുതൽ കൊട്ടിയൂരിൽ
ജില്ലയിൽ 13 ഹെൽപ്പ് ഡെസ്‌കുകളാണ് പ്രവർത്തിച്ചത്. കൊട്ടിയൂർ റെയ്‌ഞ്ചിന് കീഴിൽ നാലും തളിപ്പറമ്പ് റെയ്‌ഞ്ചിൽ അഞ്ചും കണ്ണവത്ത് നാലും ആറളത്ത് ഒന്നുമാണ് ഉണ്ടായിരുന്നത്. വന്യജീവിസംഘർഷം രൂക്ഷമായ അയ്യൻകുന്ന്, കൊട്ടിയൂർ, കണിച്ചാർ, കേളകം, ആറളം, കോളയാട്, ചിറ്റാരിപ്പറമ്പ്, തൃപ്രങ്ങോട്ടൂർ, പാട്യം, ചെറുപുഴ, ഉദയഗിരി, നടുവിൽ, പയ്യാവൂർ, ഉളിക്കൽ എന്നീ പഞ്ചായത്തുകളിലുള്ളവരാണ് ഹെൽപ്പ് ഡെസ്‌ക്ക് സൗകര്യം കൂടുതൽ ഉപയോഗപ്പെടുത്തിയത്. കൊട്ടിയൂരിൽ 3521, ആറളത്ത് 1750, കണ്ണവം 247, തളിപ്പറമ്പ് 1684 പരാതികളാണ് ലഭിച്ചത്. പരാതികളിൽ തളിപ്പറമ്പിൽ 130, കൊട്ടിയൂരിൽ 124 പരാതികളുമാണ് പരിഹരിച്ചത്. കാട്ടുപന്നിയുമായി ബന്ധപ്പെട്ട പരാതികൾ അതത് പഞ്ചായത്തിന് കൈമാറി. കൊട്ടിയൂർ റെയ്‌ഞ്ചിൽ കുരങ്ങുമായി ബന്ധപ്പെട്ട പരാതിക്ക് പരിഹാരം എന്ന രീതിയിൽ ആർആർടിയുടെ സഹായത്തോടെ കുരങ്ങുകളെ കാട്ടിലേക്ക് തുരത്തിയിരുന്നു. ഡിഎഫ്ഒ ജോസ് മാത്യു, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിൽ റെയ്‌ഞ്ചർമാരായ സുധീർ നെരോത്ത് (കണ്ണവം), ടി. നിധിൻരാജ് (കൊട്ടിയൂർ), സനൂപ് കൃഷ്ണൻ (തളിപ്പറമ്പ്), രമ്യാ രാഘവൻ (വളയംചാൽ) എന്നിവരാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് .
