‘മാലിന്യ പാഠം’ പഠിച്ചില്ല; സർവകലാശാലക്ക് പിഴ

കണ്ണൂർ: മാലിന്യ സംസ്കരണമെങ്ങനെ എന്ന പാഠം അറിയാത്തതിന് കണ്ണൂർ സർവകലാശാലക്ക് 5000 രൂപ പിഴ. ജൈവ-അജൈവമാലിന്യം വേർതിരിക്കാതെ പ്രധാന ബ്ലോക്കിന് സമീപത്തെ കുഴിയിൽ നിക്ഷേപിച്ചതിനും തൊട്ടടുത്തുതന്നെ കത്തിച്ചതിനും ആണ് പിഴയിട്ടത്. തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റേതാണ് നടപടി.നേരത്തെ മാലിന്യം തള്ളാൻ ഉപയോഗിച്ചിരുന്ന കുഴി നിറഞ്ഞത് കാരണം അതിന് ചുറ്റുമായി ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ വലിച്ചെറിഞ്ഞ നിലയിലാണ്. ഒറ്റത്തവണ ഉപയോഗ വസ്തുക്കളായ പേപ്പർ കപ്പ്, പ്ലാസ്റ്റിക് കാരിബാഗുകൾ എന്നിവക്കൊപ്പം പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ ഉൾപ്പെടെയുള്ളവ കൂടിക്കലർന്ന നിലയിൽ ആയിരുന്നു. ഭക്ഷണ അവശിഷ്ടങ്ങൾ തേടിയെത്തുന്ന തെരുവു നായ്ക്കളും ഒട്ടേറെയുണ്ട്.കല്ലുകൊണ്ട് ഉണ്ടാക്കിയ പ്രത്യേക നിർമിതിയിൽ മാലിന്യം കത്തിച്ചതായും സ്ക്വാഡ് കണ്ടെത്തി. തുടർ നടപടികൾ സ്വീകരിക്കാൻ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപറേഷന് നിർദേശം നൽകി. പരിശോധനയിൽ കെ.ആർ അജയകുമാർ, പി.എസ്. പ്രവീൺ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സജില വളർപ്പൻ കണ്ടിയിൽ, രേഷ്മ രമേശൻ എന്നിവർ പെങ്കടുത്തു.