കേരള ഭാഗ്യക്കുറിയുടെ വരുമാനം സമൂഹ നന്മയ്‌ക്ക്: ധനമന്ത്രി

തിരുവനന്തപുരം: സമൂഹത്തിന്റെ പണം സമൂഹത്തിലേക്കുതന്നെ പോകുന്നു എന്നതാണ് കേരള ഭാഗ്യക്കുറിയുടെ പ്രത്യേകതയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിന്റെ ഉദ്‌ഘാടനവും പൂജ ബമ്പർ ടിക്കറ്റിന്റെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്‌ടി വർധിപ്പിച്ചത് സംസ്ഥാന ഭാഗ്യക്കുറിക്ക് പ്രയാസമുണ്ടാക്കും. തിരുവോണം ബമ്പറിന്റെ ഒരു ടിക്കറ്റു മാത്രമാണ് വിൽക്കാൻ സാധിക്കാതിരുന്നത്. അതിൽ നാശം ഉണ്ടായതിനാലാണ്. 75 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഭാഗ്യക്കുറിയുടെ വരുമാനത്തിന്റെ വലിയ പങ്ക് കാരുണ്യ ചികിത്സയായും വിൽപനക്കാരുൾപെടെയുള്ള രണ്ടു ലക്ഷത്തോളം തൊഴിലാളികൾക്കുള്ള ആനുകൂല്യമായുമെല്ലാമായാണ് ചെലവിടുന്നത്. അതിനാലാണ് ഇത് നിലനിർത്തേണ്ടതും– മന്ത്രി പറഞ്ഞു. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. ഭാഗ്യക്കുറി ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജ്, ജോയിന്റ് ഡയറക്ടർമാരായ മായ എൻ പിള്ള, രാജ്കപൂർ എന്നിവർ പങ്കെടുത്തു. 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. 12 കോടി രൂപയാണ് നവംബർ 22-ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.