കെ. പ്രതീഷും എൻ. രമണിയും വീണ്ടും മികച്ച ക്ഷീരകർഷകർ

കണ്ണൂർ : ജില്ലയിൽ ഏറ്റവും കൂടുതൽ പാലളന്നതിനുള്ള ക്ഷീരകർഷക പുരസ്കാരം പത്താം തവണയും കെ. പ്രതീഷിന് (അഞ്ചരക്കണ്ടി ക്ഷീരസംഘം, തലശ്ശേരി ബ്ലോക്ക്). മികച്ച കർഷകയ്ക്കുള്ള പുരസ്കാരം വീണ്ടും എൻ. രമണി സ്വന്തമാക്കി (ഓടംതോട് ക്ഷീരസംഘം, പേരാവൂർ ബ്ലോക്ക്). ഇത്തവണ മികച്ച ക്ഷേമനിധി ക്ഷീരകർഷക പുരസ്കാരവും എൻ. രമണിക്കുതന്നെയാണ്. ക്ഷീരവികസനവകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായാണ് കർഷകരെയും സംഘങ്ങളെയും തിരഞ്ഞെടുത്തിരിക്കുന്ന്
മറ്റ് പുരസ്കാരങ്ങൾ
കൂടുതൽ പാലളന്ന പട്ടികജാതി/പട്ടികവർഗ ക്ഷീരകർഷക കെ. സുനിത (സെയ്ൻ് ജൂഡ് ക്ഷീരസംഘം, ഇരിട്ടി ബ്ലോക്ക്). മികച്ച യുവകർഷകൻ – ശ്രീകിരൺ വി. പ്രഭാകർ (ചെറുതാഴം ക്ഷീരസംഘം, കല്യാശ്ശേരി ബ്ലോക്ക്). ക്ഷീരസംഘം സെക്രട്ടറിക്കുള്ള ക്ഷീരമിത്രം പുരസ്കാരം പി. രാജീവൻ (പെരിന്തട്ട ക്ഷീരസംഘം, പയ്യന്നൂർ ബ്ലോക്ക്). ഏറ്റവും കൂടുതൽ പാൽ സംഭരിച്ചത് ആപ്‌കോസ് അടക്കാത്തോട് ക്ഷീരോത്പാദക സഹകരണ സംഘം (പേരാവൂർ ബ്ലോക്ക്). നോൺ ആപ്‌കോസ് ക്ഷീരസംഘം അഞ്ചരക്കണ്ടി ക്ഷീരോത്പാദക സഹകരണ സംഘം (തലശ്ശേരി ബ്ലോക്ക്). ഗുണമേന്മയുള്ള പാൽ സംഭരിച്ച ക്ഷീരസംഘം -നടുവിൽ ക്ഷീര സംഘം (ആലക്കോട് ബ്ലോക്ക്), കൂടുതൽ പാൽ അളന്ന ക്ഷീരസംഘം പ്രസിഡൻറ് മനോജ് കുമാർ (പെരിങ്ങോം-വയക്കര ക്ഷീരസംഘം, പയ്യന്നൂർ ബ്ലോക്ക്). പ്രായം കൂടിയ ക്ഷീരകർഷക കെ. ജാനകി (വെള്ളൂർ ക്ഷീരസംഘം). ജില്ലാ ക്ഷീരസംഗമം ലോഗോ വിഭാവനം ചെയ്ത വ്യക്തി കെ.വി. സഞ്ജീവ് ചിറക്കൽ
211 ക്ഷീരസംഘങ്ങൾ
ജില്ലയിൽആകെ 51 പരമ്പരാഗത സംഘങ്ങളും 160 ആനന്ദ് മാതൃക സംഘങ്ങളും കൂടി ആകെ 211 ക്ഷീരസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ സാമ്പത്തികവർഷം പ്രതിദിന പാൽസംഭരണം ശരാശരി 1,15,000 ലിറ്റർ ആണ്. ജില്ലയിൽ ക്ഷീരകർഷകരുടെ സാമ്പത്തിക ഉന്നമനത്തിനും ക്ഷീരസംഘങ്ങളുടെ ശാക്തീകരണത്തിനുമായി ക്ഷീരവികസന വകുപ്പ് വഴി 224.5 ലക്ഷത്തിന്റെയും, ത്രിതല പഞ്ചായത്തുകൾ വഴി 14.05 കോടി രൂപയുടെയും വിവിധ പദ്ധതികൾ നടപ്പാക്കുണ്ട്. സാമ്പത്തിക വർഷാരംഭത്തിൽ 1,10,000 ലിറ്റർ പ്രതിദിന സംഭരണം ആണ് ഉണ്ടായിരുന്നത്.
ക്ഷീരഗ്രാമം പദ്ധതി
നടപ്പുവർഷം പേരാവൂർ ബ്ലോക്കിലെ പേരാവൂർ, മാലൂർ പഞ്ചായത്തുകളിലും പയ്യന്നൂർ ബ്ലോക്കിലെ എരമം-കുറ്റൂർ ഗ്രാമപ്പഞ്ചായത്തിലും തളിപ്പറമ്പ് ബ്ലോക്കിലെ കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലുമാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ ക്ഷീരകർഷക സംഗമം വെള്ളൂരിൽ
ജില്ലാ ക്ഷീരകർഷക സംഗമം 12, 13 തീയതികളിൽ വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി ദേവസ്വം ഓഡിറ്റോറിയത്തിൽ നടക്കും. ക്ഷീരവികസനവകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണസംഘങ്ങളുടെയും ക്ഷീര-മൃഗഗസംരക്ഷണ മേഖലയിലെ വിവിധ ഏജൻസികളുടെയും സഹകരണത്തോടെയാണ് സംഗമം.
12-ന് രാവിടെ എട്ടിന് പതാക ഉയർത്തും. ക്ഷീരസംഘം അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ള ശില്പശാല, ഡെയറി എക്‌സ്‌പോ എന്നിവയുടെ ഉദ്ഘാടനം എം. വിജിൻ എംഎൽഎ നിർവഹിക്കും. 13-ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി ക്ഷീരമിത്ര അവാർഡ് വിതരണം ചെയ്യും. സജീവ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്‌നകുമാരി എന്നിവർ പങ്കെടുക്കും.
ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി ശനിയാഴ്ച ക്ഷീരസംഘം ജീവനക്കാരുടെ ജില്ലാ കലോത്സവം വെള്ളൂർ സെൻട്രൽ ആർട്‌സ് നാടകപ്പുരയിൽ നടക്കും. അഞ്ചിന് ഡെയറി സൈക്ലത്തോണും ആറിന് കന്നുകാലി പ്രദർശന മത്സരവും നടക്കും. ആറിന് സംസ്‌കാരിക സമ്മേളനവും ഏഴിന് ഉപഭോഗക്തൃസംഗമവും 10-ന് വൈകീട്ട് വിളംബരജാഥ എന്നിവയും ഉണ്ടാവുമെന്ന് ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഒ. സജിനി പറഞ്ഞു. സ്മിതാ മാരാർ, എ. മിഥുൻ, വി.കെ. കൃഷ്ണൻ, പി.എച്ച്. സിനാജിദ്ദീൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.