കുരുക്കഴിയാതെ ഉരുവച്ചാൽ

Share our post

ഉരുവച്ചാൽ : ടൗണിൽ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിയുന്നില്ല. മൂന്നു റോഡുകൾ കൂടിച്ചേരുന്ന ഉരുവച്ചാൽ ടൗൺ കവലയിലും മണക്കായി റോഡിലെ കവലയിലുമാണ് അപകടങ്ങൾ പതിവാകുന്നത്. സുരക്ഷ ഉറപ്പാക്കാൻ സിഗ്നലും മുന്നറിയിപ്പ് ബോർഡുകളും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ ചെറിയ റോഡുകളിൽനിന്ന് പ്രധാന റോഡുകളിലേക്ക് പെട്ടെന്ന് കയറിപ്പോകുന്നത് അപകടങ്ങൾക്ക് ഇടയാക്കുകയാണ്. റോഡരികിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നതും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. നഗരസഭയിലെ രണ്ടാമത്തെ പ്രധാന ടൗണായിട്ടും ഉരുവച്ചാലിൽ ബസ് സ്റ്റാൻഡോ പാർക്കിങ്ങ് സൗകര്യങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. പലവിധ ഗതാഗത പരിഷ്‌കരണങ്ങൾ നടപ്പാക്കിയിട്ടും ഗതാഗതക്കുരുക്ക് പൂർണമായി ഒഴിവാക്കാനായിട്ടില്ല. പാർക്കിങ്ങിന് സ്ഥലസൗകര്യം കണ്ടെത്തൽ വെല്ലുവിളിയായി തുടരുകയാണ്. മട്ടന്നൂർ, കൂത്തുപറമ്പ്, മാലൂർ, പേരാവൂർ, തില്ലങ്കേരി, കാക്കയങ്ങാട്, മണക്കായി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ബസ്സുകളും മറ്റു വാഹനങ്ങളും ഉരുവച്ചാലിൽ എത്തിച്ചേരുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ബസ് സ്റ്റാൻഡ് ഉൾപ്പടെ നിർമിച്ച ഓരോ വാഹനങ്ങൾ പാർക്കിങ്ങിന് ഇടം നിശ്ചയിച്ച് നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അപകടങ്ങൾ ഒഴിവാക്കാൻ മുൻപ് റോഡിൽ ഡിവൈഡറുകളും റിഫ്ളക്ടറുമൊക്കെ സ്ഥാപിച്ചിരുന്നു. എന്നാൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ സിഗ്നലുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉരുവച്ചാലിനും മട്ടന്നൂരിനും ഇടയിലെ പാതയിൽ ഉണ്ടായത്. കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് ജീവനും നഷ്ടമായി. വിമാനത്താവളത്തിലേക്ക് ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇരിട്ടി-കൂർഗ് അന്തസ്സംസ്ഥാന പാതയിലൂടെ കടന്നുപോകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!