ട്രംപിന്റെ ഉപാധികൾ അംഗീകരിച്ചു; ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

Share our post

ഇസ്രായേൽ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയിൽ പ്രതികരണമറിയിച്ച് ഹമാസ്.ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനും തയാറാണെന്ന് ഹമാസ് അറിയിച്ചു. മധ്യസ്ഥ ച‍ർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ഗസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും ഗസയിൽ സമാധാനം കൊണ്ടു വരുവാൻ ഹമാസ്‌ തയ്യാറായി കഴിഞ്ഞുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ഇതോടെ ഒക്ടോബർ 2023ലെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കാനുള്ള മാസങ്ങളായുള്ള ശ്രമങ്ങളിൽ ഇത് നിർണ്ണായകമായ വഴിത്തിരിവാകും. ഗാസയുടെ ഭരണം ‘സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ’ പലസ്തീൻ സമിതിക്ക് കൈമാറാൻ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിർദേശത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. അടിയന്തര വെടിനിർത്തൽ, ബന്ദി-തടവുകാരുടെ പൂർണ്ണമായ കൈമാറ്റം, ഗാസയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കുക തുടങ്ങിയവയാണ് ട്രംപിന്‍റെ സമാധാന പദ്ധതിയിലെ നിർദേശങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!