സിപിഎം ശ്രീകണ്ഠപുരം ഏരിയ മുന്‍ സെക്രട്ടറി കെ.ആർ. കുഞ്ഞിരാമൻ അന്തരിച്ചു

കണ്ണൂർ: കമ്യൂണിസ്റ്റ്– കര്‍ഷകപ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഎം ശ്രീകണ്ഠപുരം ഏരിയ മുന്‍ സെക്രട്ടറിയുമായ മലപ്പട്ടം കൊളന്തയിലെ കെ.ആർ. കുഞ്ഞിരാമൻ (88) അന്തരിച്ചു. കെആർ എന്ന ദ്വയാക്ഷരിയിലായിരുന്നു അറിയപ്പെട്ടിരുന്നത്. മൃതദേഹം ശനി പകൽ രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ സിപിഎം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി ഓഫീസായ കാവുമ്പായി സ്മാരക മന്ദിരത്തിലും തുടര്‍ന്ന് മലപ്പട്ടം കൊളന്തയിലെ വസതിയിലും പൊതുദര്‍ശനത്തിന് വെക്കും. ഞായർ രാവിലെ 10ന് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിലാണ് സംസ്കാരം. ജനകീയസമരങ്ങളിലും നാടിന്റെ അടിസ്ഥാനസൗകര്യവികസനത്തിനും നേതൃത്വംനൽകി. കര്‍ഷകസംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, മലപ്പട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, കേരഫെഡ് ഡയറക്ടര്‍, ശ്രീകണ്ഠപുരം ഹോമിയോ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. പരേതനായ കുഞ്ഞിമ്പിടുക്ക രാമൻനമ്പ്യാരുടെയും പരേതയായ കാരോന്നൻ രാമപുരത്ത് ചെറിയമ്മയുടെയും മകനാണ്. ഭാര്യ: കെ.കെ. പങ്കജാക്ഷി. മക്കൾ: ലളിത (സിപിഎം ചെറുകൊളന്ത ബ്രാഞ്ച് അംഗം), പത്മിനി, ഗീത (അധ്യാപിക, കോട്ടൂർ എയുപി സ്കൂൾ), ഗോപിനാഥൻ (സിപിഎം കൊളന്ത ബ്രാഞ്ച് അംഗം). മരുമക്കൾ: പരേതനായ പി.തമ്പാൻ (സിപിഎം ഇരിക്കൂർ ലോക്കൽ കമ്മിറ്റി മുൻ സെകട്ടറി, ചെങ്കൽ വ്യവസായി അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ്), പി പി ശശിധരൻ (റിട്ട. അധ്യാപകൻ, ചെങ്ങളായി എയുപി സ്കൂൾ, ചെങ്ങളായി പഞ്ചായത്ത് മുൻ അംഗം), സി മനോഹരൻ (റിട്ട. പ്രിൻസിപ്പൽ മലപ്പട്ടം എ കെ എസ് ജിഎച്ച്എസ്എസ്), സി ബിന്ദു (മലപ്പട്ടം സർവീസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: പരേതരായ ശ്രീദേവിയമ്മ, കൃഷ്ണൻനമ്പ്യാർ, ജാനകിയമ്മ, കല്ല്യാണിയമ്മ.