പാടത്തും ജോലി സ്ഥലത്തും ഒരുപോലെ തിളങ്ങി പായം കോണ്ടമ്പ്രയിലെ കൃഷിക്കൂട്ടായ്മ

ഇരിട്ടി : നേരം പുലരുംമുൻപേ അസിസ്റ്റന്റ് പ്രഫസർ തൂമ്പയുമായി വയലിലെത്തും. അകമ്പടിയായി 2 സിവിൽ പൊലീസ് ഓഫിസർമാരും. പിന്നാലെ ആരോഗ്യ വകുപ്പ് ജീവനക്കാരും യുഡി ക്ലാർക്കും ബിസിനസുകാരും വിമുക്തഭടന്മാരും. തീർന്നില്ല, അധ്യാപകരും കോഫി ഹൗസ് ജീവനക്കാരും പിന്നാലെയെത്തും. നേരം വെളുക്കുമ്പോഴേക്കും കൃഷിയിടത്തിൽ 15 പേരുണ്ടാകും.പായം കോണ്ടമ്പ്രയിലെ കൃഷിക്കൂട്ടായ്മയുടെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഈ രീതിയിലാണ്. കോണ്ടമ്പ്രയിലെ വയൽ തരിശിട്ടതുകണ്ടു മനം മടുത്താണ് ഇവർ തൂമ്പയുമായി ഇറങ്ങിയത്. വർഷത്തിൽ 3 വിള നെൽക്കൃഷി ചെയ്തിരുന്ന വയലിൽ കൃഷിയിറക്കാൻ തൊഴിലാളികളെ കിട്ടാതെ വന്നതോടെ തരിശിടുകയായിരുന്നു. രാവിലെ 4ന് എഴുന്നേറ്റു തൂമ്പയുമായി വയലിലിറങ്ങും. വൈകിട്ടു ജോലി കഴിഞ്ഞെത്തിയാൽ വീണ്ടും പാടത്തേക്ക്. കെ.എസ്.അഖിൽ (അസിസ്റ്റന്റ് പ്രഫസർ), എം.ദീപു (വാട്ടർ അതോറിറ്റി ജീവനക്കാരൻ), പി.ബിജു, മനോജ് മഞ്ചേരി (സിവിൽ പൊലീസ് ഓഫിസർ), എം.ജയരാജ് (യുഡി ക്ലാർക്ക്, ഇരിട്ടി താലൂക്ക്), നിത അനീഷ് (അധ്യാപിക), വി.സരീഷ്, ഇ.ഗോപാലകൃഷ്ണൻ (വിമുക്തഭടന്മാർ), എം.വി.ഭജേഷ് (ബസ് കണ്ടക്ടർ), എം.ജയൻ (കോൺട്രാക്ടർ), എം.പ്രഭാകരൻ, കെ.ഹരിദാസൻ (റിട്ട. ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർ), പി.ടി.ശശിധരൻ (റിട്ട.ആരോഗ്യ വകുപ്പ് ജീവനക്കാരൻ), കെ.സുരേഷ്, കെ.പി.റിയാസ് (ബിസിനസ്) എന്നിവരാണു കോണ്ടമ്പ്രയിലെ ചെളിക്കുപ്പായക്കാർ.