കേരള ഭാഗ്യക്കുറി വില്പന നേരിട്ട് മാത്രം, ഓണ്‍ലൈന്‍ പങ്കാളികളില്ല; ‘തട്ടിപ്പുകളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പ്’

കേരള സംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പങ്കാളികളില്ല എന്ന പേരില്‍ ചിലര്‍ ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് എന്നിവവഴി വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേരള ഭാഗ്യക്കുറി കേരളത്തില്‍ മാത്രമാണ് വില്പന നടത്തുന്നത്. കേരള ഭാഗ്യക്കുറി ഡയറക്ടറേറ്റ് മുഖേന ഏജന്റുമാരും വില്പനക്കാരും വഴി നേരിട്ട് മാത്രമാണ് വില്പന. കേരള ഭാഗ്യക്കുറിയുടെ ഓണ്‍ലൈന്‍ വില്പനയ്ക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ, ഓണ്‍ലൈന്‍ വില്പന നടക്കുകയോ ചെയ്യുന്നില്ലെന്നും കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഡോ. മിഥുന് പ്രേംരാജ് അറിയിച്ചു. ഇത്തരത്തില്‍ വ്യാജ ഓണ്‍ലൈന്‍ വില്പനയില് വഞ്ചിതരാകരുത്. തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണം. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കേരള ഭാഗ്യക്കുറി ഡയറക്ടറേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.