മയ്യിലിൽ അര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

മയ്യിൽ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അര ക്വിന്റലിൽ അധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. മയ്യിൽ ടൗണിൽ പ്രവർത്തിക്കുന്ന ട്രേഡിങ് കമ്പനിയിൽ നിന്ന് 46 കിലോ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകളും പത്ത് കിലോ ഗാർബജ് ബാഗുകളുമാണ് പിടികൂടിയത്. പിടിച്ചെടുത്ത വസ്തുക്കൾ മയ്യിൽ പഞ്ചായത്ത് കാര്യാലയത്തിലേക്ക് കൈമാറി. സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി പി അഷ്‌റഫ്, അംഗങ്ങളായ അലൻ ബേബി, സി കെ ദിബിൽ, മയ്യിൽ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ ദിവാകരൻ, ഹെഡ് ക്ലാർക് പ്രദീപ് കുമാർ, ക്ലാർക് ടി വി വിനോദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.