ചാമ്പ്യൻസ് ബോട്ട് ലീഗ് 2025: കപ്പിൽ മുത്തമിട്ട് അഴീക്കോടൻ അച്ചാംതുരുത്തി

Share our post

അഞ്ചരക്കണ്ടി: പുഴയിലെ വെള്ളത്തുള്ളികൾ ആകാശത്തോട് കിന്നാരം പറഞ്ഞ പകലിൽ ഇരുകരകളിലുമുള്ള പതിനായിരങ്ങളെ ആവേശത്തിന്റ കൊടുമുടിയിൽ എത്തിച്ച് അഴീക്കോടൻ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കളായി. ആകെ 15 ചുരുളൻ വള്ളങ്ങൾ അണിനിരന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്ത് വയൽക്കര വെങ്ങാട്ടിനെയും മൂന്നാം സ്ഥാനത്ത് പാലിച്ചോൻ അച്ചാംതുരുത്തിയെയും പിന്നിലാക്കിയാണ് അഴീക്കോടൻ അച്ചാംതുരുത്തി കപ്പിനോട് ചുണ്ട് ചേർത്തത്. അണിയത്ത് സജിരാജ്, അമരത്ത് കെ.പി വിജേഷും വള്ളം നിയന്ത്രിച്ചു. ദിപേഷ് ആയിരുന്നു ടീം മാനേജർ. വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും വിജയികൾ ട്രോഫി ഏറ്റുവാങ്ങി. മൂന്നുവള്ളങ്ങൾ വീതം പങ്കെടുത്ത അഞ്ച് ഹീറ്റ്സ് മത്സരങ്ങളിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത ഒൻപത് ടീമുകളാണ് ലൂസേഴ്സ്, ഫൈനൽ മത്സരങ്ങളിൽ മാറ്റുരച്ചത്. ഹീറ്റ്സ് മത്സരങ്ങളിൽ ഓരോ റൗണ്ടിലും അർപ്പുവിളികളും ആരവങ്ങളുമായി പിന്തുണച്ച കാണികൾ മത്സരത്തുഴച്ചിലിന്റെ വേഗം കരയിലേക്കും പടർത്തി. ഹീറ്റ്സ് മത്സരത്തിൽ രണ്ടുമിനിട്ടിൽ താഴ്ന്ന സമയത്തിൽ ഫിനിഷിങ് ലൈൻ കടന്ന അഞ്ച് ടീമുകളിൽ ഏറ്റവും കുറഞ്ഞ സമയം കുറിച്ച മൂന്ന് ടീമുകളാണ് ഫൈനലിൽ തുഴയെറിഞ്ഞത്.

1.54.611 ന് ഫിനിഷ് ചെയ്താണ് വയൽക്കര വെങ്ങാട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
പാലിച്ചോൻ അച്ചാം തുരുത്തി എ ടീം 1.56.052 ന് മൂന്നാം സ്ഥാനവും നേടി.
ന്യൂ ബ്രദേഴ്സ് മയ്യിച്ച നാല്,
എ.കെ.ജി പോടോത്തുരുത്തി എ ടീം അഞ്ച്, നവോദയ മംഗലശ്ശേരി ആറ്,
കൃഷ്ണപിള്ള കാവുംചിറ ഏഴ്, എ.കെ.ജി മയ്യിച്ച ഏട്ട്, വയൽക്കര മയ്യിച്ച ഒൻപത് എന്നിങ്ങനെ സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഒന്നാം സ്ഥാനം നേടിയ ടീമിന് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ ടീമിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും സമ്മാനതുകയായി നൽകി. ഇതിന് പുറമേ പങ്കെടുത്ത മുഴുവൻ ടീമുകൾക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികം ലഭിക്കും. ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അധ്യക്ഷനായി. രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ എന്നിവർ മുഖ്യാതിഥികളായി.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി സജിത, കെ.കെ രാജീവൻ, എൻ.കെ രവി, എ.വി ഷീബ, കെ.പി ലോഹിതാക്ഷൻ, പി.വി പ്രേമവല്ലി, കെ ഗീത, കെ ദാമോദരൻ, മുൻ എം പി കെ.കെ രാഗേഷ്, ജില്ലാ ജഡ്ജ് നിസാർ അഹമ്മദ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവി, കെ.വി ബിജു, കെ.ടി ഫർസാന, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ടൂറിസം ജോയിന്റ് ഡയറക്ടർമാരായ ഡി ഗീരീഷ് കുമാർ, ടി ജെ അഭിലാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്‌, ഡി ടി പി സി സെക്രട്ടറി ടി കെ സൂരജ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി പ്രകാശൻ, മാസ്റ്റർ, വി.സി വാമനൻ, കെ.കെ ജയപ്രകാശ്, വി.കെ ഗിരിജൻ,പി. പി നാസർ, കെ.കെ അബ്ദുൽ സത്താർ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!