കെ സ്മാർട്ടിലൂടെ വിവാഹ വിപ്ലവം; രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി കേരള മാതൃക

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതിയിലൂടെ വിവാഹ വിപ്ലവം നടക്കുന്നെന്നും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി നാട് മാറുന്ന മറ്റൊരു കേരള മാതൃകയാണ് ഇതെന്നും മന്ത്രി എം ബി രാജേഷ്. സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലിലിരുന്ന് ഭർത്താവും, നാട്ടിലിരുന്ന് ഭാര്യയും ഓൺലൈനിൽ വിവാഹം രജിസ്റ്റർ ചെയ്തു എന്ന തലക്കെട്ടോടെയാണ് മന്ത്രി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കെ സ്മാർട്ട് നിലവിൽ വന്ന ശേഷം നടന്ന 1,44,416 വിവാഹ രജിസ്ട്രേഷനിൽ 62,524 എണ്ണവും വീഡിയോ കെ വൈ സി വഴിയാണ് ചെയ്തത്.വാർത്ത പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത പിടിഐ, ഹിന്ദുസ്ഥാൻ ടൈംസ്, ഇക്കണോമിക് ടൈംസ്, ബിസിനസ് സ്റ്റാൻഡേർഡ്, ദ വീക്ക്, ഡെക്കാൻ ഹെറാൾഡ്, ദ ട്രിബ്യൂൺ, സീ ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് മന്ത്രി നന്ദി അറിയിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം
“വിവാഹ വിപ്ലവം
സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലിലിരുന്ന് ഭർത്താവും, നാട്ടിലിരുന്ന് ഭാര്യയും ഓൺലൈനിൽ വിവാഹം രജിസ്റ്റർ ചെയ്തു!!!
ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ച മറ്റൊരു കേരള മാതൃകയുടെ വിശേഷങ്ങൾ സന്തോഷപൂർവ്വം പങ്കുവെയ്ക്കട്ടെ. വിവാഹ രജിസ്ട്രേഷന് ഇപ്പോൾ പഞ്ചായത്ത്/നഗരസഭാ ഓഫീസുകളിൽ നേരിട്ടെത്തേണ്ട കാര്യമില്ല, വീഡിയോയിലൂടെ കെ വൈ സി ചെയ്ത് രജിസ്റ്റർ ചെയ്യാൻ കെ സ്മാർട്ടിൽ സൗകര്യമുണ്ട്. ഈ സംവിധാനമാണ് ഒരിക്കൽക്കൂടി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി കേരളത്തെ മാറ്റുന്നത്. രാജ്യത്തിൽ മറ്റെവിടെയും ഇങ്ങനെ ഒരു മാതൃകയില്ല, ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് അറിയില്ല…. സൗകര്യം ഏറ്റവും സഹായകരമായത് പ്രവാസി സമൂഹത്തിനാണ്. ചുരുങ്ങിയ ദിവസത്തേക്ക് ലീവിന് വന്നു വിവാഹിതരാവുന്ന വരനോ/ വധുവിനോ, രജിസ്ട്രേഷന് വേണ്ടി ഇപ്പോൾ വീണ്ടും വരേണ്ട കാര്യമില്ല. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും, ഏത് സമയത്തും(ഭാര്യയും ഭർത്താവും ഒരുമിച്ച് ഓൺലൈനിൽ വേണമെന്ന് പോലുമില്ല) വിവാഹം രജിസ്റ്റർ ചെയ്യാം. സാക്ഷികൾക്ക് ഒടിപി വഴി വെരിഫൈ ചെയ്യാം. രജിസ്ട്രേഷൻ നടപടികൾ ഇത്ര എളുപ്പമാണ്. വിസ പോലെയുള്ള ആവശ്യങ്ങൾക്ക് വിവാഹ സർട്ടിഫിക്കറ്റ് വേണ്ടവർക്ക് ഇതെത്ര സഹായകരമാകുമെന്ന് ആലോചിച്ച് നോക്കൂ. എത്ര പണവും സമയവുമാണ് ഈ സൗകര്യം വഴി ലാഭിക്കാനാവുന്നത്..
കേരളത്തിൽ കെ സ്മാർട്ട് നിലവിൽ വന്ന ശേഷം നടന്ന 1,44,416 വിവാഹ രജിസ്ട്രേഷനിൽ 62,524 എണ്ണവും വീഡിയോ കെ വൈ സി വഴിയാണ് ചെയ്തത്. പ്രവാസികൾ മാത്രമല്ല, നാട്ടിലുള്ളവരും ഈ സൗകര്യമാണ് രജിസ്ട്രേഷന് ഇപ്പോൾ ഉപയോഗിക്കുന്നത്. കെ സ്മാർട്ട് രൂപകൽപ്പന ചെയ്ത ഇൻഫർമേഷൻ കേരള മിഷനും തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ. കേരളത്തിൽ പൊതുവിലും തദ്ദേശ സ്വയം ഭരണ വകുപ്പിൽ പ്രത്യേകിച്ചുമുണ്ടായ മാറ്റങ്ങൾ എത്ര വിപ്ലവകരമാണെന്നാണ് ഇത് കാണിക്കുന്നത്. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ല, എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ്. ലവ് ജിഹാദിനെപ്പറ്റിയെല്ലാമുള്ള ഫെയ്ക്ക് കേരളാ സ്റ്റോറിയാണ് കേരളത്തിന് പുറത്ത് പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. ഇത് പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത പിടിഐ, ഹിന്ദുസ്ഥാൻ ടൈംസ്, ഇക്കണോമിക് ടൈംസ്, ബിസിനസ് സ്റ്റാൻഡേർഡ്, ദ വീക്ക്, ഡെക്കാൻ ഹെറാൾഡ്, ദ ട്രിബ്യൂൺ, സീ ന്യൂസ് ഉൾപ്പെടെ എല്ലാ മാധ്യമങ്ങൾക്കും നന്ദി.”