ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ചന്നുലാൽ മിശ്ര അന്തരിച്ചു

വാരണാസി: ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഉന്നത വ്യക്തിത്വമായ പത്മവിഭൂഷൺ പണ്ഡിറ്റ് ചന്നുലാൽ മിശ്ര അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു.ദീർഘകാലമായി അസുഖബാധിതനായിരുന്ന മിശ്ര പുലർച്ചെ 4 മണിയോടെയാണ് അന്തരിച്ചതെന്ന് മകൾ നമ്രത മിശ്ര അറിയിച്ചു. ഇവരുടെ കുടുംബത്തോടൊപ്പം മിർസാപൂരിലായിരുന്നു താമസം. ബുധനാഴ്ച രാത്രി മിശ്രയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.1936-ൽ അസംഗഢിൽ ജനിച്ച മിശ്ര ഖയാൽ, തുമ്രി, ദാദ്ര, ചൈതി, കജ്രി, ഭജൻ തുടങ്ങിയ സംഗീത ശൈലികൾക്ക് വളരെയധികം സംഭാവന നൽകി. മിശ്ര തന്റെ പിതാവ് ബദ്രി പ്രസാദ് മിശ്രയിൽ നിന്നും കിരാന ഘരാനയിലെ ഉസ്താദ് അബ്ദുൾ ഘാനി ഖാൻ, താക്കൂർ ജയ്ദേവ് സിംഗ് എന്നിവരിൽ നിന്നും സംഗീത പരിശീലനം നേടി. ബനാറസ് ഘരാനയുടെയും തുമ്രിയിലെ പുരബ് ആങ് പാരമ്പര്യത്തിന്റെയും വക്താവായിരുന്നു. ഭജനുകൾക്കും ഗസലുകൾക്കും പേരുകേട്ടയാളായിരുന്നു ചന്നുലാൽ മിശ്ര. അമിതാഭ് ബച്ചൻ, സെയ്ഫ് അലി ഖാൻ, ദീപിക പദുക്കോൺ എന്നിവർ അഭിനയിച്ച ആരക്ഷൻ എന്ന ചിത്രത്തിലെ ‘സാൻസ് അൽബേലി’ എന്ന ഗാനത്തിലൂടെ ബോളിവുഡിലും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു. 2020-ൽ പത്മവിഭൂഷണും 2010-ൽ പത്മഭൂഷണും സമ്മാനിച്ചു. മിശ്രയുടെ അന്ത്യകർമങ്ങൾ വൈകുന്നേരം 5 മണിക്ക് വാരണാസിയിൽ നടക്കും. ബല വാദകനായ രാംകുമാർ മിശ്ര മകനാണ്. ഭാര്യ നാല് വർഷം മുമ്പ് മരിച്ചു. പണ്ഡിറ്റ് ചന്നുലാൽ മിശ്രയുടെ വിയോഗം ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.