സൈഡ് കൊടുക്കാത്ത ജീപ്പ് യാത്രക്കാരെ നടുറോഡിലിട്ട് തല്ലി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

തലശേരി: ഓവർടേക്ക് ചെയ്തതിനു ശേഷം സൈഡ് കൊടുക്കാതെ മുൻപോട്ടു പോയതിന് ജീപ്പ് യാത്രക്കാരെ പിൻതുടർന്ന് പിടികൂടി റോഡിലിട്ട് തല്ലിച്ചതച്ച പിണറായി സ്വദേശികളായ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. വടകരയില്‍ വെച്ച് ജീപ്പ് യാത്രികരെ ആക്രമിച്ചുവെന്ന പരാതിയിലാണ് തലശേരി- വടകര റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ്സിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഡ്രൈവർ പിണറായി സ്വദേശി സിയാദ്, കണ്ടക്ടർ കൊല്ലംകണ്ടി ചാലിൽ പി.പി റിജിൽ എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ജീപ്പ് യാത്രക്കാരെ ബസ് ജീവനക്കാർ ഓടിയെത്തി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മർദ്ദിക്കുന്നതിനിടെ ആളുകൾ കൂടിയതോടെ ബസ് ജീവനക്കാർ ഓടി പോകുകയായിരുന്നു. ഇതിനു ശേഷം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.