പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിൽ വ്യാജ പട്ടയം ഹാജരാക്കി ആധാരങ്ങൾ രജിസ്ട്രർ ചെയ്തതായി പരാതി

പേരാവൂർ: പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിൽ വ്യാജ പട്ടയം ഹാജരാക്കി ഒന്നിലധികം ആധാരങ്ങൾ രജിസ്ട്രർ ചെയ്തതായി പരാതി. കൃത്രിമ പട്ടയം വെച്ച് ആധാരങ്ങൾ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നിരിക്കെ, ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടിയാവശ്യപ്പെട്ട് തൊണ്ടിയിൽ സ്വദേശി കുടക്കച്ചിറയിൽ കെ.എം.സ്റ്റാനിയാണ് റനവ്യൂ മന്ത്രി, റജിസ്‌ട്രേഷൻ ഐജി, സംസ്ഥാന വിജിലൻസ് ഡയറക്ടർ, ജില്ലാ കളക്ടർ, പേരാവൂർ പോലീസ് എന്നിവർക്ക് പരാതി നല്കിയത്.
1970-കളിൽ പേരാവൂരും പരിസര വില്ലേജിലും ജോലി ചെയ്തിരുന്ന വ്യക്തി പട്ടയം വ്യാജമായി സൃഷ്ടിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഇതുപയോഗിച്ച് പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് നിരവധി ആധാരങ്ങൾ രജിസ്ട്രർ ചെയ്തതായും , പേരാവൂർ പഞ്ചായത്തിൽ നിന്ന് പ്രസ്തുത ഭൂമിയിൽ ക്രമവിരുദ്ധമായി കെട്ടിട നിർമാണ അനുമതി സമ്പാദിച്ചതായും പരാതിയിലുണ്ട്.
അധികാരദുർവിനിയോഗം, കൃത്യവിലോപം, അഴിമതിക്ക് കളമൊരുക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരെ ക്രിമിനൽ കേസ് രജിസ്ട്രർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് കെ.എം.സ്റ്റാനി പരാതിയിലൂടെ ആവശ്യപ്പെട്ടു.