സ്പീഡ് പോസ്റ്റിന് നാളെ മുതൽ ചെലവേറും

Share our post

കണ്ണൂർ: പോസ്റ്റ് ഓഫീസ് സേവനമായ സ്പീഡ് പോസ്റ്റിന് നാളെ മുതല്‍ ചെലവ് കൂടും. 50 ഗ്രാം വരെയുള്ള രേഖകള്‍ രാജ്യത്തെവിടെയും സ്പീഡ് പോസ്റ്റായി അയയ്‌ക്കാൻ ഒന്നു മുതല്‍ ജിഎസ്‌ടി അടക്കം 55.46 രൂപ വേണ്ടിവരും. നിലവില്‍ ഇത് 18 ശതമാനം ചരക്ക് സേവന നികുതിയടക്കം 41.30 രൂപ മതിയായിരുന്നു.
ഉരുപ്പടി ബുക്ക് ചെയ്യുന്ന തപാല്‍ ഓഫീസ് പരിധിയില്‍ത്തന്നെ വിതരണം ചെയ്യുന്ന 50 ഗ്രാം വരെ തൂക്കമുള്ള സ്പീഡ് പോസ്റ്റ് ഉരുപ്പടിക്ക് 22.42 രൂപ നല്‍കണം. നിലവില്‍ 18 രൂപയായിരുന്നു. 50 ഗ്രാമിന് മുകളില്‍ തുക്കമുള്ള ഉരുപ്പടികള്‍ 200 കിലോമീറ്റർ വരെ ഒരേ തുക മതി. 201 മുതല്‍ 500 കിലോമീറ്ററും 501 മുതല്‍ 1000 വരെയും 1001 മുതല്‍ 2000 വരെയും 2000 കിലോമീറ്ററിന് മുകളില്‍ ഒറ്റ സ്ലാബിലുമാണ് താരിഫ് കണക്കുകൂട്ടുക. മർച്ചൻഡൈസ് വിഭാഗത്തില്‍പ്പെടുന്നതാണെങ്കില്‍ 500 ഗ്രാമില്‍ കുറവാണെങ്കിലും സ്പീഡ് പാഴ്സല്‍ വിഭാഗത്തില്‍പ്പെടും. 35 സെന്‍റിമീറ്റർ നീളം, 27 സെന്‍റിമീറ്റർ വീതി, രണ്ട് സെന്‍റമീറ്റർ ഘനത്തിലധികമുള്ളവ രേഖകളാണെങ്കിലും സ്പീഡ് പാഴ്സല്‍ വിഭാഗമായി കണക്കാക്കും. ഒക്ടോബർ ഒന്നുമുതല്‍ നിലവിലുള്ള രജിസ്ട്രേഡ് പോസ്റ്റ് സ്പീഡ് പോസ്റ്റില്‍ ലയിക്കും. ഇതോടെ പൊതുജനങ്ങള്‍ക്ക് സ്പീഡ് പോസ്റ്റ് സേവനം മാത്രമേ ലഭിക്കുകയുള്ളൂ. രജിസ്ട്രേഡ് പാഴ്സലുകളും (ആർപി) സ്പീഡ് പോസ്റ്റ് പാഴ്സലുകളായി മാറും. 500 ഗ്രാം തൂക്കമുള്ള രേഖകളാണ് സ്പീഡ് പോസ്റ്റായി പരിഗണിക്കുക. 500 ഗ്രാമിലധികമുള്ളവ, രേഖകളാണെങ്കിലും സ്പീഡ് പോസ്റ്റ് പാഴ്സലായി പരിഗണിക്കും. ഇതിന് താരിഫ് വർധന ബാധകമല്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!