സപ്ലൈകോ വില്പന ശാലകൾ ചൊവ്വയും ബുധനും തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം: സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ വില്പനശാലകളും ചൊവ്വയും ബുധനും തുറന്നു പ്രവർത്തിക്കുമെന്ന് മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു. ഇതോടെ അവധി ദിവസങ്ങൾ സബ്‌സിഡി സാധനങ്ങൾ ജനങ്ങൾക്ക് സ്വന്തമക്കാൻ കഴിയും. സെപ്തംബർ 22 മുതൽ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയർ എന്നിവ വില കുറച്ചാണ് വിൽപ്പന നടത്തുന്നത്. സബ്‌സിഡിയുള്ള ശബരി വെളിച്ചെണ്ണയ്‌ക്ക് ലിറ്ററിന് 20 രൂപയും സബ്‌സിഡിയിതര വെളിച്ചെണ്ണയ്‌ക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് പുതിയ വില. സബ്‌സിഡിയിതര വെളിച്ചെണ്ണയ്‌ക്ക് 359 രൂപയും. കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽനിന്ന് 419 ആകും. സബ്‌സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്‌ക്ക് അഞ്ചുരൂപ വീതമാണ് കുറച്ചത്. യഥാക്രമം 88, 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ഒക്‌ടോബർ മുതൽ എട്ടുകിലോ ശബരി റൈസിന് പുറമെ 20 കിലോവീതം അധിക അരിയും ലഭിക്കും. 25 രൂപ നിരക്കിലാണിത്. പുഴുക്കലരിയോ പച്ചരിയോ കാർഡ് ഉടമകൾക്ക് തെരഞ്ഞെടുക്കാം. എല്ലാകാർഡുകാർക്കും ആനുകൂല്യം ലഭിക്കും.
അതേസമയം ഓണക്കാലത്ത് 56.73 ലക്ഷം കാർഡുകാരാണ് സപ്ലൈകോയിൽ എത്തിയത്. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തിയത് ആഗസ്ത് 27 നായിരുന്നു. ആഗസ്ത് അവസാന വാരം തൊട്ട് പ്രതിദിന വിൽപന റെക്കോർഡുകൾ ഭേദിച്ചു. ആഗസ്ത് 29 ന് വിൽപന 17.91 കോടിയും 30ന് 19.4 കോടിയും സെപ്തംബർ ഒന്നിന് 22.2 കോടിയും രണ്ടിന് 24.99 കോടിയും മൂന്നിന് 24.22 കോടിയും കടന്നു. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്തംബർ മൂന്ന് വരെ 1.19 ലക്ഷം ക്വിന്റൽ അരി വില്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ജില്ലാ ഫെയറുകളിൽ 4.74 കോടി രൂപയുടെയും നിയോജക മണ്ഡല ഫെയറുകളിൽ 14.41 കോടി രൂപയുടെയും വില്പന നടന്നു.ഉത്സവകാലത്തൊഴികെ 30– 35 ലക്ഷം കാർഡുകാർ പ്രതിമാസം ആശ്രയിക്കുന്നുണ്ട്. സബ്‌സിഡി സാധനങ്ങൾക്ക് വില കുറയുകയും അധിക അരി ലഭ്യമാകുകയും ചെയ്യുന്നതോടെ കൂടുതൽ കാർഡുടമകൾ എത്തിയേക്കും.