ആഘോഷമായി അറിവുത്സവം

കണ്ണൂർ: ചുവരിൽ പതിപ്പിച്ച സ്‌ക്രീനിൽ ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ചിത്രം. ഇവരെ അറിയാമോയെന്ന ക്വിസ് മാസ്‌റ്ററുടെ ചോദ്യത്തിനേക്കാൾ ഉച്ചത്തിലായിരുന്നു മത്സരാർഥികളുടെ ഉത്തരം. അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിലെ എൽപി വിഭാഗം മത്സരത്തിലെ ആദ്യ ചോദ്യംമുതൽ തന്നെ കുട്ടികളും ക്വിസ്‌മാസ്‌റ്ററും തമ്മിലുള്ള അറിവ് കൈമാറ്റ വേദിയായി. ഓരോ ചോദ്യവും അതിന്റെ പശ്ചാത്തലവും വിവരിച്ച് ചോദ്യങ്ങളിലേക്കുള്ള ചുവടുമാറ്റം. മാർക്ക് കുറഞ്ഞുപോയോ ഉത്തരം തെറ്റിയോ എന്നുള്ള ആശങ്കകളില്ലാതെ അറിവുസന്പാദനത്തിന്റെ പുത്തൻമേഖലയായി അക്ഷരമുറ്റം ക്വിസ് മത്സരം മാറി. കായികം, സിനിമ, ശാസ്‌ത്രം, ചരിത്രം തുടങ്ങിയ മേഖലകളിൽനിന്നുള്ള ചോദ്യത്തോടൊപ്പം, അക്ഷരങ്ങൾ ശരിയാക്കിയെഴുതാനും തന്നിരിക്കുന്ന വാചകങ്ങളിലെ തെറ്റേത് എന്നിങ്ങനെ വിദ്യാർഥികളുടെ അറിവുകളെ പരിശോധിക്കുന്ന ചോദ്യങ്ങളുമുണ്ടായി. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ക്വിസ് മത്സരങ്ങൾ കൂടാതെ ഇത്തവണ ആദ്യമായി പ്രസംഗ മത്സരവും നടന്നു. ഹയർസെക്കൻഡറി വിഭാഗത്തിനായി നടത്തിയ പ്രസംഗമത്സരത്തിൽ ‘വേണം നവകേരളം’ എന്ന വിഷയമാണ് നൽകിയത്. നവകേരളത്തിന്റെ പുത്തൻ മാതൃകകളും നേട്ടങ്ങളും കുട്ടികളുടെ പ്രസംഗത്തിൽ വിഷയമായി. സ്‌കൂൾ തല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ഉപജില്ലാ മത്സരത്തിന് എത്തിയത്. ജില്ലയിൽ മാഹി ഉൾപ്പെടെ 16 കേന്ദ്രങ്ങളിൽ നടന്ന മത്സരം പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. കണ്ണൂർ നോർത്ത് ഉപജില്ലാ മത്സരം കണ്ണൂർ ശിക്ഷക് സദനിൽ ഡോ. വി ശിവദാസൻ എംപി ഉദ്‌ഘാടനംചെയ്‌തു. പാപ്പിനിശേരി ഉപജില്ലാ മത്സരം അരോളി ജിഎച്ച്എസ്എസിൽ കെ വി സുമേഷ് എംഎൽഎ, മാടായി ഉപജില്ലാ മത്സരം മാടായി ബോയ്സ് ഹെെസ്കൂളിൽ എം വിജിൻ എംഎൽഎ, ഇരിക്കൂർ ഉപജില്ലാ മത്സരം പഴയങ്ങാടി ഗവ. യുപി സ്കൂളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, ഇരിട്ടി ഉപജില്ലാ മത്സരം കീഴൂർ വിയുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പയ്യന്നൂർ ഉപജില്ലാ മത്സരം പയ്യന്നൂർ ജിജിഎച്ച്എസ്എസിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് വന്ദന, തലശേരി നോർത്ത് ഉപജില്ലാ മത്സരം പിണറായി എ കെ ജി എംജി എച്ച്എസ്എസിൽ തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, മട്ടന്നൂർ ഉപജില്ലാ മത്സരം മട്ടന്നൂർ ഗവ. യുപി സ്കൂളിൽ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ മത്സരം തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസിൽ ഐഎസ്ആർഒ റിട്ട. സീനിയർ സയന്റിസ്റ്റ് പി എം സിദ്ധാർഥൻ, തലശേരി സൗത്ത് ഉപജില്ലാ മത്സരം കൊടുവള്ളി ജിവിഎച്ച്എസ്എസ്സിൽ ചിത്രകാരൻ കെ കെ മാരാർ, കണ്ണൂർ സൗത്ത് ഉപജില്ലാ മത്സരം ചെറുമാവിലായി യുപി സ്കൂളിൽ യുവകഥാകൃത്ത് അമൽരാജ് പാറേമ്മൽ, തളിപ്പറമ്പ് സൗത്ത് ഉപജില്ലാ മത്സരം മയ്യിൽ ഐഎംഎൻഎസ്ജിഎച്ച്എസ്എസിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി എന്നിവരും ഉദ്ഘാടനംചെയ്‌തു. മാഹി മേഖലാതല മത്സരം സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത്, ചൊക്ലി ഉപജില്ലാ മത്സരം രാമവിലാസം എച്ച്എസ്എസിൽ ഡോ. ടി കെ അനിൽകുമാർ, കൂത്തുപറമ്പ് ഉപജില്ലാമത്സരം കൂത്തുപറമ്പ് യുപി സ്കൂളിൽ നഗരസഭാ ചെയർമാൻ വി സുജാത, പാനൂർ ഉപജില്ലാ മത്സരം പാനൂർ യുപി സ്കൂളിൽ ഡോ. എ വത്സലൻ എന്നിവർ ഉദ്ഘാടനംചെയ്‌തു.