കരൂര്‍ ദുരന്തം; ടിവികെയ്‌ക്കെതിരെ കേസ്, വിജയ്‌ക്കെതിരെ കേസെടുത്തേക്കും, വീടിന്റെ സുരക്ഷ കൂട്ടി

കരൂര്‍: റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തില്‍ നടന്‍ വിജയുടെ പാര്‍ട്ടിയായ ടിവികെയ്‌ക്കെതിരെ കേസെടുത്തു. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ വിജയ്‌ക്കെതിരെയും കേസെടുക്കാനുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. എന്നാല്‍ അറസ്റ്റ് ഉടനുണ്ടായേക്കില്ല. കരൂര്‍ അപകടത്തില്‍ കുട്ടികളടക്കം 39 പേരാണ് മരിച്ചതെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം. മരിച്ചവരില്‍ കൂടുതലും കരൂര്‍ സ്വദേശികളാണ്. മരിച്ചവരില്‍ ഒന്നരവയസുള്ള കുട്ടിയടക്കം ഒമ്പതുകുട്ടികളാണ് മരിച്ചത്. 17 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം ദുരന്തസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസിമുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ വിജയിയുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട്.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. അമിതമായ ജനക്കൂട്ടവും ചൂടും കാരണം ആളുകള്‍ തളര്‍ന്നുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട വിജയ്പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി. തുടര്‍ന്ന്, തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ തുടങ്ങി. വെള്ളക്കുപ്പികള്‍ പിടിച്ചെടുക്കാനായി ആളുകള്‍ തള്ളിക്കൂടിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. വിജയിയെ കാണാന്‍ 30,000ത്തോളം ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.