പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ പരിചയം പുതുക്കി ടീച്ചറുടെ 21 പവനും രണ്ടുലക്ഷവും തട്ടിയ പ്രതി പിടിയില്‍

Share our post

പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഇയാളുടെ ഭാര്യയ്ക്ക് അറസ്റ്റ് വാറണ്ടും നല്‍കി. ചെറിയമുണ്ടം തലക്കടത്തൂരിലെ ഫിറോസ് (51), ഭാര്യ റംലത്ത് എന്നിവരാണ് പ്രതികള്‍. താനൂര്‍ സബ് ജില്ലയിലെ തലക്കടത്തൂര്‍ സ്‌കൂളിലെ അധ്യാപികയായ നെടുവ സ്വദേശിനിയുടെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് എത്തിയപ്പോഴായിരുന്നു ശിഷ്യന്റെ പരിചയം പുതുക്കല്‍ നടന്നത്. തുടര്‍ച്ചയായി വീട്ടിലെത്തി സൗഹൃദം നിലനിര്‍ത്തുകയും ചെയ്തു. പക്ഷാഘാതം ബാധിച്ചിരുന്നതായി പറഞ്ഞു അധ്യാപികയുടെ ദയ പിടിച്ചുപറ്റി. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും പറഞ്ഞു ഫലിപ്പിച്ചു. തുടര്‍ന്ന് ബിസിനസ് തുടങ്ങാന്‍ ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്നും 4000 രൂപ പലിശ നല്‍കാമെന്നും പറഞ്ഞു അധ്യാപികയില്‍നിന്ന് തുക കൈപ്പറ്റി. വീണ്ടും ഒരു ലക്ഷം രൂപ കൂടി വാങ്ങി. പലിശ തുക രണ്ടു തവണ കൃത്യമായി തിരികെ നല്‍കി പ്രതി ‘സത്യസന്ധത’യും തെളിയിച്ചു.

പിന്നീട് ബിസിനസ് വിപുലമാക്കാനാണെന്നു പറഞ്ഞു സ്വര്‍ണം ആവശ്യപ്പെട്ടതോടെ ബാങ്കില്‍ സൂക്ഷിച്ചിരുന്ന 21 പവന്‍ സ്വര്‍ണവും അധ്യാപിക ഫിറോസിന് നല്‍കി. പിന്നീട് ഫിറോസിന്റെ ഫോണ്‍ ഓഫ് ആയതോടെയാണ് അധ്യാപികയ്ക്ക് താന്‍ കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയത്. 47 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത്. മാസങ്ങളോളം ഫിറോസിന്റെ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് പൊലീസില്‍ പരാതിപ്പെടുന്നത്. ഫിറോസ് കര്‍ണാടകയിലെ ഹാസനില്‍ ആര്‍ഭാട ജീവിതം നയിക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒരു ദര്‍ഗ കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന ഫിറോസിന്റെ വാഹനം കണ്ടെടുത്തതോടെയാണ് പ്രതി വലയിലായത്. 2019 മുതല്‍ 25 വരെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. രണ്ടാം പ്രതിയും ഭാര്യയുമായ റംലത്തുമായി എത്തിയാണ് 2 തവണ പണം കൈപറ്റിയത്. വിശ്വാസ്യത ഉറപ്പ് വരുത്താനാണ് ഭാര്യയെ ഒപ്പം കൂട്ടിയത്. ഇവരുടെ പേരിലും പൊലീസ് കേസെടുത്തു.

ചതിച്ച് തന്ത്രപൂര്‍വം തുക കൈപ്പറ്റുകയായിരുന്നു എന്നാണ് അധ്യാപികയുടെ പരാതി. മകളുടെ വിവാഹത്തിന് ശേഖരിച്ച് വച്ച പണവും സ്വര്‍ണവും ആണ് നഷ്ടപ്പെട്ടത്. മാത്രമല്ല വിവാഹം മുടങ്ങുകയും ചെയ്തു. പരിചയപ്പെട്ട വിദ്യാര്‍ഥിയെ മകനെപ്പോലെ സ്‌നേഹിക്കുകയും അമ്മയോട് എന്ന പോലെ പെരുമാറുകയുമാണ് ചെയ്തത്. ഒരിക്കല്‍ ഫോണില്‍ കിട്ടിയപ്പോള്‍ വേണമെങ്കില്‍ കേസ് കൊടുക്കാനാണ് പറഞ്ഞതെന്നും വീണ്ടും വിളിച്ചപ്പോള്‍ ഗുണ്ടകളെ അയച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അധ്യാപികയുടെ പരാതിയില്‍ പറയുന്നു. പ്രതി 1988- 89 അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥിയായിരുന്നു. അറസ്റ്റിലായ ഫിറോസിനെ കോടതിയില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!