തദ്ദേശ സ്ഥാപനങ്ങളിലെ വികസന സദസ്സിന് ഇന്ന് തുടക്കം

Share our post

കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും നാളിതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വികസന സദസ്സിന് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് തുടക്കമാകും. കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനവും അഴീക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ്സും അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ പത്ത് മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിക്കും. കെ.വി സുമേഷ് എം എല്‍ എ അധ്യക്ഷനാകും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുന്‍ എംഎല്‍എ എം പ്രകാശന്‍ മാസ്റ്റര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ശൗര്യചക്ര പി.വി.മനേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. കില ഫാകല്‍റ്റി എ.പി. ഹംസക്കുട്ടി സ്റ്റേറ്റ് റിപ്പോര്‍ട്ടും അഴീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.കെ ഫാറൂക്ക് പഞ്ചായത്ത്തല റിപ്പോര്‍ട്ടും അവതരിപ്പിക്കും. ജനപ്രതിനിധികള്‍ക്ക് പുറമെ വിശിഷ്ട വ്യക്തികള്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ എന്നിവര്‍ പങ്കാളികളാകും. തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും ഇതുവരെ കൈവരിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനോപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കും. ഇതിനായി ഓപ്പണ്‍ ഫോറം, സംഗ്രഹ ചര്‍ച്ച എന്നിവ സംഘടിപ്പിക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കുകയാണ് ലക്ഷ്യം. അതിദാരിദ്യ നിര്‍മ്മാര്‍ജ്ജനം, ലൈഫ് മിഷന്‍ പദ്ധതികള്‍ക്കായി ഭൂമി വിട്ടുനല്‍കിയവരെയും ഹരിതകര്‍മ്മസേന പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കും. ജില്ലയിലെ അടുത്ത വികസന സദസ്സ് ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണിക്ക് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും. മറ്റു ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും വികസന സദസ്സുകള്‍ ഒക്ടോബര്‍ 20ന് മുമ്പായി നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!