അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 67,000 കോടി രൂപ

Share our post

ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ ‘കെട്ടിക്കിടക്കുന്നത്’ 67,270 കോടി രൂപ. 10 വർഷമായി ഇടപാടുകൾ നടക്കാതെയും ആരും അവകാശം ഉന്നയിക്കാതെയുമുള്ള അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. ഇതിൽ സേവിങ്സ് അക്കൗണ്ടുകൾ, കാലാവധി അവസാനിച്ചിട്ടും പുതുക്കാത്ത സ്ഥിരനിക്ഷേപങ്ങൾ (എഫ്ഡി), അക്കൗണ്ടുടമ മരണപ്പെട്ടശേഷം ആരും അവകാശവാദം ഉന്നയിക്കാത്ത നിക്ഷേപങ്ങൾ, ഡിവിഡന്റുകൾ, ഇൻഷുറൻസുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇത്തരം അക്കൗണ്ടുകളുടെ അവകാശികളെ കണ്ടെത്താൻ ഒക്ടോബർ മുതൽ‌ ഡിസംബർ വരെ നീളുന്ന പ്രത്യേക ക്യാംപെയ്ൻ സംഘടിപ്പിക്കാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്. ഗ്രാമീണ, അർധനഗര മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും ഇത്. ഈ അക്കൗണ്ടുകളുടെ ഉടമകൾ, ഇടപാടുകാരൻ മരണപ്പെട്ടെങ്കിൽ‌ ബന്ധുക്കൾ തുടങ്ങിയവരെ തേടിക്കണ്ടുപിടിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. അക്കൗണ്ടുകൾ സംബന്ധിച്ച് അവകാശവാദം ഉന്നയിക്കാൻ അൺക്ലെയിമ്ഡ് ഡെപ്പോസിറ്റ്സ് ഗേറ്റ്‍വേ ടു ആക്സസ് (ഉദ്ഗം) എന്ന കേന്ദ്രീകൃത പോർട്ടൽ റിസർവ് ബാങ്ക് ആരംഭിച്ചിരുന്നു. ഇടപാടുകാർക്ക് പോർട്ടൽ സന്ദർശിച്ച് അക്കൗണ്ടിലെ പണം ക്ലെയിം ചെയ്യാം. അവകാശികളില്ലാത്ത അക്കൗണ്ടിലെ പണം റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന ഡെപ്പോസിറ്റർ എജ്യൂക്കേഷൻ ആൻഡ് അവയർനസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റുന്നത്. ഇതിനകം ഡിഇഎയിലേക്ക് പൊതുമേഖലാ ബാങ്കുകൾ 58,330 കോടി രൂപയും സ്വകാര്യ ബാങ്കുകൾ 8,634 കോടി രൂപയും കൈമാറിയിട്ടുണ്ട്. ഒന്നാംസ്ഥാനത്ത് എസ്ബിഐയാണ്; 19,329.92 കോടി രൂപ. പഞ്ചാബ് നാഷനൽ‌ ബാങ്ക് (6,910.67 കോടി), കനറാ ബാങ്ക് (6,728.14 കോടി), സ്വകാര്യ ബാങ്കുകളിൽ ഐസിഐസിഐ ബാങ്ക് (2,063.45 കോടി), എച്ച്ഡിഎഫ്സി ബാങ്ക് (1,609.56 കോടി) എന്നിവയുമുണ്ട് മുൻനിരയിൽ. കഴിഞ്ഞ ജൂലൈ വരയെുള്ള കണക്കുപ്രകാരം ഏകദേശം 8.6 ലക്ഷം പേർ ഉദ്ഗം പോർട്ടലിൽ റജിസ്റ്റർ‌ ചെയ്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!