വരും, പുതിയ ഇവി നയം; കരട് നയത്തിലേക്ക് നിർദേശങ്ങൾ സമർപ്പിച്ച് കെഎസ്‌ഇബി

തിരുവനന്തപുരം: നെറ്റ് സീറോ കാർബൺ കേരള എന്ന ലക്ഷ്യത്തിലെത്താൻ വൈദ്യുത വാഹനം (ഇവി) വ്യാപിപ്പിക്കുന്ന പുതിയ ഇവി നയം വരുന്നു. ചരക്ക് ഗതാഗതത്തിന്റെ വൈദ്യുതീകരണം, ചാർജിങ് അടിസ്ഥാന വൈദ്യുതീകരണം എന്നിവയാണ് പ്രധാന ലക്ഷ്യം. നയം തയ്യാറാക്കുന്നതിന് മുന്നോടിയായി കരട് നയത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശങ്ങൾ നിതി ആയോഗും ആര്‍എംഐയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ദി ശൂന്യ ഇവി കോണ്‍ക്ലേവ്’ൽ കെഎസ്‌ഇബി അവതരിപ്പിച്ചു. ഇവി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇൻസെന്റീവ് അനുവദിക്കൽ, കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ, വായ്പാ സൗകര്യങ്ങൾ, ബോധവൽക്കരണം, ഗവേഷണം, പരാതി പരിഹാര സംവിധാനം എന്നിവയ്‌ക്ക് പ്രധാന്യം നൽകുന്ന നിർദേശങ്ങളാണ് അവതരിപ്പിച്ചത്. ഇവി നയം നടത്തിപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി കമ്മിറ്റിയും രൂപീകരിക്കും. സ്വന്തം ആവശ്യങ്ങൾക്കുള്ള ഇവി വാഹനങ്ങൾക്ക് അഞ്ച് വർഷം റോഡ് നികുതി, രജിസ്ട്രേഷൻ ഫീസിൽ ഇളവ് അടക്കമുള്ള നിർദേശങ്ങളും കെഎസ്‌ഇബി മുന്നോട്ടുവച്ചു. 2026ൽ ആകെ വാഹനങ്ങളുടെ 13 ശതമാനം ഇവിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 2027ൽ ഇത് 16 ശതമാനമായും 2028ൽ 19 ശതമാനമായും വർധിക്കണം. 2029ൽ 22 ശതമാനവും 2030ഓടെ 27 ശതമാനത്തിൽ എത്തിക്കണമെന്നും നിർദേശിച്ചു. ഇവി ചാർജിങ്ങിനുള്ള സൗകര്യങ്ങളോടെ മൂന്ന് ഗതാഗത ഇടനാഴി സജ്ജമാക്കണമെന്നും ചൂണ്ടിക്കാട്ടി. തിരുവനന്തപുരം-–മംഗളൂരു(എൻഎച്ച് 66), കൊച്ചി-–കോയമ്പത്തൂർ (എൻഎച്ച് 544), ദിണ്ടുഗൽ-–കൊല്ലം (എൻഎച്ച് 183) എന്നിവയാണിത്. 2030ഓടെ വാഹനങ്ങളിൽനിന്ന് പുറംതള്ളുന്ന കാർബൺ മാലിന്യത്തിൽ 15.94 ടണ്ണിന്റെ കുറവ് സാധ്യമാക്കുകയെന്ന ലക്ഷ്യവും പുതിയ നയത്തിൽ പരിഗണിക്കണമെന്നാണ് കെഎസ്‌ഇബി നിർദേശത്തിലുള്ളത്.