ഇവിടെയുണ്ട്, സഞ്ചാരികളുടെ പ്രിയപ്പെട്ട വഴികാട്ടി

കണ്ണൂർ: സഞ്ചാരികൾക്ക് വഴികാട്ടിയായൊരാൾ ഇവിടെയുണ്ട്. വിനോദസഞ്ചാര മേഖലയിലെ സേവനത്തിന് പുരസ്‌കാരങ്ങളേറെ നേടിയ, വാക്കുകളിലൂടെ എന്നും ലോകസഞ്ചാരികളുടെ കൂടെ നടക്കുന്ന കണ്ണൂർ നടാൽ സ്വദേശി സത്യൻ എടക്കാടിന് പ്രണയം യാത്രകളോടുമാത്രം. 1990ൽ കേരള പൊലീസിൽ ചേർന്ന സത്യൻ 2002ലാണ് കേരള ടൂറിസം പൊലീസിന്റെ ഭാഗമാകുന്നത്. അന്ന് ഉത്തരമേഖലാ ഡിഐജിയായിരുന്ന ശങ്കർ റെഡ്ഡി നേരിട്ട് അഭിമുഖം നടത്തിയാണ് സത്യനെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പഠനത്തിനുശേഷം ടൂറിസം പൊലീസായി കണ്ണൂരിൽ നിയമനം. ടൂറിസം പൊലീസായും ടൂറിസ്റ്റ് ഗൈഡായും പ്രവർത്തിച്ച് എഎസ്ഐ റാങ്കിൽ വിരമിച്ച് ഒമ്പത് വർഷങ്ങൾക്കിപ്പുറവും സജീവമാണ് സത്യൻ. ‘വാസ്കോഡ ഗാമയും ചരിത്രത്തിലെ കാണാപ്പുറങ്ങളും’ പുസ്തകമാണ് സത്യന്റേതായി ആദ്യം പുറത്തിറങ്ങിയത്. പിന്നാലെ ഇംഗ്ലീഷ് പതിപ്പും ഇറങ്ങി. കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, പ്രാദേശിക ചരിത്രവുമടങ്ങുന്ന ‘കണ്ണൂര്.. കാണാൻ അറിയാൻ’ എന്നൊരു പുസ്തകംകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘മലബാർ പൈതൃകവും പ്രതാപവും’ പുസ്തകത്തിൽ ഒരു ലേഖനവും സത്യന്റേതായുണ്ട്. കണ്ണൂർ കോട്ടയിൽ കണ്ടെത്തിയ ശിലാ ലിഖിതം പഴയ ഡച്ചു ഭാഷയിലുള്ളതാണെന്നും കോട്ടയുടെ ചുമതലക്കാരനായിരുന്ന ഗോഡ് ഫ്രീഡസ് വീവർമാൻ എന്ന ഡച്ച് കമാൻഡന്റിന്റെ ആദ്യ ഭാര്യയെയും (1745 മാർച്ച് 28), രണ്ടാം ഭാര്യയിലെ കുട്ടികളായ ഗോഡ് ഫ്രിഡസ് വിനാേന്റോ (1749 ഡിസംബർ 2), ഗോഡ് ഫ്രിഡസ് ജൊഹാൻ (1755 ജൂലായ് 22) എന്നിവരെയും അടക്കം ചെയ്തതിന്റെ വിവരങ്ങളാണ് അവയെന്നും കണ്ടെത്തിയത് സത്യനായിരുന്നു. നമ്മൾ പഠിച്ചറിഞ്ഞ പാഠങ്ങൾ പലതും വസ്തുതനിരത്തി സത്യൻ ഖണ്ഡിക്കുന്നുണ്ട് ‘വാസ്‌കോ ഡ ഗാമയും ചരിത്രത്തിലെ കാണാപ്പുറങ്ങളും ’ പുസ്തകത്തിലൂടെ. വാസ്‌കോഡ ഗാമ കോഴിക്കോട് കപ്പലിറങ്ങുന്നതിനും ഒന്പത് വർഷം മുമ്പ് കണ്ണൂരിലെത്തിയ ആദ്യ പോർച്ചുഗീസുകാരനെക്കുറിച്ചുള്ള വിവരങ്ങളാണ് അതിലൊന്ന്. പ്രസ്റ്റർ ജോൺ എന്ന പോർച്ചുഗീസ് രാജാവിന്റെ നിർദേശപ്രകാരം അബിസീനിയയിലെ ക്രിസ്ത്യൻ രാജാവിനെ തേടിയുള്ള യാത്രയിൽ പെറോ ഡി കോവിൽ ഹോ എന്ന പോർച്ചുഗീസുകാരൻ 1488ൽ കണ്ണൂരിലെത്തിയെന്ന് സത്യൻ വാദിക്കുന്നു. വാസ്‌കോഡ ഗാമ കപ്പലിറങ്ങിയത് കാപ്പാടല്ല കൊയിലാണ്ടി കൊല്ലത്തിനടുത്ത് പന്തലായിനി തുറുമുഖത്താണെന്നും സത്യൻ പറയുന്നു. സത്യന് അഞ്ച് തവണ സംസ്ഥാന ടൂറിസം അവാർഡ് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലടക്കം നിരവധി പുരസ്കാരങ്ങൾ വേറെയും.