വോട്ടർപട്ടികയിൽ ഓൺലൈനായി പേരുചേർക്കാനും ഒഴിവാക്കാനും ഇ-സൈൻ നിർബന്ധം

ന്യൂഡൽഹി: വോട്ടർപട്ടികയിൽ ഓൺലൈനായി പേരുചേർക്കാനും ഒഴിവാക്കാനും തിരുത്തലുകൾക്കും ഇ-സൈൻ നിർബന്ധിതമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷൻ്റെ പോർട്ടൽ, ആപ്പ് എന്നിവയിലൂടെ പേര് ഒഴിവാക്കാനും ചേർക്കാനും വ്യക്തിഗത തിരിച്ചറിയൽ നടപടികൂടി നിർബന്ധിതമാക്കി. വോട്ടുകവർച്ച സംബന്ധിച്ച് രാഹുലിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നീക്കം. ഇതേവരെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി (ഇപിഐ സി) ലിങ്കുചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് വോട്ടർപട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കാമായിരുന്നു. ഇ-സൈൻ നിർബന്ധമാക്കുന്നതോടെ, അപേക്ഷകർ ആധാർ അധിഷ്ഠിത വ്യക്തിഗത തിരിച്ചറിയലിന് വിധേയരാകണം.പുതിയ നിബന്ധനപ്രകാരം വോട്ടറെ ചേർക്കാനുള്ള ഫോം ആറോ, വോട്ടർപട്ടികയിൽനി ന്ന് ഒഴിവാക്കാനുള്ള ഫോം ഏഴോ സമർപ്പിക്കുമ്പോൾ ഇസിഐനെറ്റ് പോർട്ടലിൽനിന്ന് സിഡി എസി വെബ്സൈറ്റിലേക്ക് ഇത് മാറ്റും. അതിൽ ആധാർ ബന്ധിത പരിശോധന നടത്തിയശേഷം അപേക്ഷകൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിലേക്ക് മടങ്ങണം. ഈ മാറ്റത്തിന് ജൂലായ് അവസാനം തുടക്കം കുറിച്ചതായി കമ്മിഷൻ വൃത്തങ്ങൾ പറയുന്നു.