പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റി

കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. തകർന്ന റോഡുകൾ നന്നാക്കിയിട്ട് ടോൾ പിരിക്കാമെന്ന് ദേശീയ പാത അതോറിറ്റിയോട് ഹൈക്കോടതി ആവർത്തിച്ചു. വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ ടോള്‍ പിരിവ് വിലക്ക് തുടരുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതിനെത്തുടർന്ന് റോഡു ഗതാഗതം തടസപ്പെട്ട കാര്യം ജില്ലാ കലക്ടർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതായും താൽക്കാലിക നടപടി സ്വീകരിച്ചതായുമാണ് കലക്ടർ കോടതിയെ അറിയിച്ചത്. പ്രശ്നം പൂർണമായി പരിഹരിച്ചിട്ടില്ല എന്നും കലക്ടർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പൂർണ പരിഹാരമുണ്ടാക്കി എന്നാണ് ദേശീയ പാത അതോറിറ്റി കോടതിയിൽ പറഞ്ഞത്. എന്നാൽ റോഡ് തകർന്നതോടെ ടോൾ വിലക്ക് പുനരാരംഭിക്കേണ്ട എന്ന് കോടതി വ്യക്തമാക്കിയത്. ആഗസ്ത് ആറ് മുതലാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് തടഞ്ഞത്.