വോട്ടർപട്ടികയിൽ ഓൺലൈനായി പേര് ചേർക്കാനും നീക്കാനും ആധാർ ബന്ധിത ഫോൺ നമ്പർ നിർബന്ധമാക്കി

ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നിർബന്ധമാവും. തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴിഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും ഇത് ആവശ്യമാവും. വോട്ടർ ഐഡി നമ്പറുമായി ആരുടെയെങ്കിലും ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും നീക്കാനും പരിഷ്കരിക്കാനും കഴിയുന്ന സ്വാതന്ത്ര്യമാണ് നിയന്ത്രിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനായി അവരുടെ ഇസിനെറ്റ് പോർട്ടലിൽ ‘ഇ-സൈൻ’ ഫീച്ചർ അവതരിപ്പിച്ചു. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ ഉപയോഗിച്ച് അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധിച്ചാവും ഫോമുകൾ പൂരിപ്പിക്കുക. അപേക്ഷയ്ക്കായി ഉപയോഗിക്കുന്ന വോട്ടർ കാർഡിലെ പേര് ആധാറിലുള്ളതിന് തുല്യമാണെന്നും അവർ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാൻ പോർട്ടൽ അപേക്ഷകന് മുന്നറിയിപ്പ് നൽകുന്നു. ഈ സവിശേഷ ഘട്ടമാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.അപേക്ഷകർ ഫോം പൂരിപ്പിച്ച ശേഷം, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (CDAC) ഹോസ്റ്റ് ചെയ്യുന്ന ബാഹ്യ ഇ-സൈൻ പോർട്ടലിലേക്ക് എത്തും. CDAC പോർട്ടലിൽ, അപേക്ഷകൻ അവരുടെ ആധാർ നമ്പർ നൽകുകയും തുടർന്ന് ഒരു “ആധാർ OTP” സൃഷ്ടിക്കുകയും വേണം. അവിടെ ആധാർ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് OTP അയയ്ക്കും. അപേക്ഷകൻ ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിന് സമ്മതം നൽകുകയും സ്ഥിരീകരണം പൂർത്തിയാക്കുകയും വേണം. അത് പൂർത്തിയായതിനു ശേഷം ഫോം സമർപ്പിക്കാൻ അപേക്ഷകനെ ECINet പോർട്ടലിലേക്ക് തിരികെ കൊണ്ടുപോകും. ഇങ്ങനെയാണ് സൈറ്റിലെ ക്രമീകരണം. വോട്ടർ പട്ടികയിലെ പേര് വെട്ടൽ/എതിർപ്പ്/തിരുത്തൽ എന്നിവയ്ക്കുള്ള ഓൺലൈൻ റൂട്ടിന് (ECINet വഴി) നിർബന്ധിത സ്വഭാവം ഉണ്ട്. എന്നാൽ ഇത് ഓഫ്‌ലൈൻ അല്ലെങ്കിൽ പേപ്പർ അധിഷ്ഠിത പ്രക്രിയകൾക്ക് ബാധകമായിട്ടില്ല. ഇത് സംബന്ധിച്ച് വ്യക്തതയില്ല.
അട്ടിമറികൾ മറനീക്കിയപ്പോൾ
ആധാർ മുൻനിർത്തി പരിഷ്കാരം
ബി ജെ പി അട്ടിമറി ജയം നേടിയ പല മണ്ഡലങ്ങളിലും ഇത്തരത്തിൽ ഫോൺ നമ്പർ ചേർത്ത് അട്ടിമറി നടന്നതായി കണ്ടെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ പുറത്തു വന്നത് വിവാദമായി. ഓൺലൈൻ അപേക്ഷകൾ വഴി കർണാടകയിലെ ആലന്ദിലെ ബൂത്തുകളിൽ നിന്ന് ഏകദേശം 6,000 വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ “ആരോ” ശ്രമിച്ചിട്ടുണ്ടെന്നും മിക്ക കേസുകളിലും അപേക്ഷാ ഫോമുകൾ സമർപ്പിക്കാൻ യഥാർത്ഥ വോട്ടർമാരുടെ ഐഡന്റിറ്റി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കണ്ടെത്തലുകൾ പുറത്തു വന്നു. ഫോമുകൾ സമർപ്പിക്കാൻ ഒടിപി ലഭിക്കാൻ ഉപയോഗിച്ച ഫോൺ നമ്പറുകൾ ഫോമുകൾ ഫയൽ ചെയ്ത വോട്ടർമാരുടേതല്ലെന്നും കണ്ടെത്തി. ഇവയെല്ലാം കൃത്രിമിം സംബന്ധിച്ച തെളിവുകൾ ശക്തമാക്കി. ബിഹാറിൽ വോട്ടർ പട്ടികയുടെ തീവ്രപുന പരിശോധന നടത്തിയപ്പോൾ ആധാർ ആധികാരിക രേഖയല്ല എന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. പലതവണ ഇത് സംബന്ധിച്ച് സുപ്രീം കോടതിക്ക് മുന്നറിയിപ്പ് നൽകേണ്ടി വന്ന സാഹചര്യം ഉണ്ടായി. ഇപ്പോൾ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന് പുറമെ ആധാർ കാർഡും സാങ്കേതികമായി വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ആവശ്യമായ രേഖയായി മാറുകയാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6 പൂരിപ്പിക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് എതിർക്കുന്നതിനും പേര് നീക്കം ചെയ്യുന്നതിനും ഫോം 7 ഉപയോഗിക്കുന്നു. തിരുത്തൽ വരുത്തുന്നതിന് ഫോം 8 ഉപയോഗിക്കുന്നു. കമ്മീഷന്റെ പുതിയ വെബ് സൈറ്റ് ക്രമീകരണ പ്രകാരം ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.
ആധാർ ബന്ധിപ്പിക്കലും മുൻകാല വിവാദങ്ങളും
2018-ൽ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വോട്ടർമാരുടെ സമ്മതമില്ലാതെ ആധാർ ഡാറ്റ ശേഖരിച്ച നടപടിക്കെതിരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. പ്രധാന തെരഞ്ഞെടുപ്പ് പ്രക്രിയകളെ നിരീക്ഷണ സോഫ്റ്റ്‌വെയറിന് വിധേയമാക്കുന്നത് സാർവത്രിക പ്രായപൂർത്തി വോട്ടവകാശം എന്ന ആശയത്തെ നശിപ്പിക്കും എന്ന അഭിപ്രായം ഉയർന്നു. തെലങ്കാനയിൽ പട്ടികയിൽ നിന്ന് ഗണ്യമായ എണ്ണം വോട്ടർമാരെ ഇല്ലാതാക്കാൻ ഇത് കാരണമായതായി വിമർശനം ഉയർന്നു. സർക്കാരിന്റെ സ്റ്റേറ്റ് റസിഡന്റ് ഡാറ്റ ഹബ് (എസ്ആർഡിഎച്ച്) അപേക്ഷ വോട്ടർ പട്ടിക ക്യൂറേറ്റ് ചെയ്യാൻ ഉപയോഗിച്ചതായും വിവാദം ഉയർന്നു. 2015 ഏപ്രിൽ ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ ഇലക്ടറൽ റോൾ ശുദ്ധീകരണ, പ്രാമാണീകരണ പരിപാടി (NERPAP) പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ആഗസ്ത് 11-ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടായി. തുടർന്ന് NERPAP നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു.
എതിർപ്പുകൾ ഉയർന്നത്
ആധാർ-വോട്ടർ ഐഡി ലിങ്കേജ് വോട്ടർ പ്രൊഫൈലുകൾ സൃഷ്ടിക്കാനും വോട്ടിംഗ് പ്രക്രിയയെ സ്വാധീനിക്കാനും സഹായിക്കും. വോട്ടെടുപ്പ് ദിവസത്തെ ഓൺലൈൻ ട്രെൻഡുകൾ തിരിച്ചറിഞ്ഞ് വോട്ടർമാരെ അവരുടെ ഡാറ്റ ഉപയോഗിച്ച് സൂക്ഷ്മമായി ലക്ഷ്യം വെക്കാം. തെരഞ്ഞെടുപ്പിനായി ഏത് ഘട്ടത്തിലും ഈ ഡാറ്റ ഉപയോഗിക്കുന്നത് എളുപ്പമാക്കും. 2019 ലെ തിരഞ്ഞെടുപ്പുകളിൽ ഇങ്ങനെ ഡാറ്റ ഉപയോഗിച്ചതായും വിമർശനം ഉയർന്നിരുന്നു. ആധാറിനെ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നത് വോട്ടർ ഡാറ്റാബേസുകളിൽ സങ്കീർണ്ണതകൾ സൃഷ്ടിക്കും എന്ന് സാങ്കേതിക മേഖലകളിൽ നിന്നും നിരീക്ഷണങ്ങൾ ഉണ്ടായി. ഇപ്പോൾ, ആധാർ ബന്ധിത ഫോൺ നമ്പർ എന്ന നിലയ്ക്കാണ് പുതിയ പരിഷ്കാരം.