സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നു ലക്ഷങ്ങളുടെ മരങ്ങൾ മുറിച്ചു കടത്തിയ പ്രതി പിടിയിൽ

കണ്ണൂർ: സ്വകാര്യ വ്യക്തിയുടെപറമ്പിൽ നിന്നും തേക്കു മരങ്ങൾ ഉൾപ്പെടെ ലക്ഷങ്ങളുടെ മരം മുറിച്ചു കടത്തിയ പ്രതി പിടിയിൽ. കണ്ണൂർ കക്കാട് സ്വദേശിയും പഴയങ്ങാടി കോഴി ബസാറിലെ വാടക ക്വാട്ടേഴ്സിൽ താമസക്കാരനുമായ കനിയിലകത്ത് ഹൗസിൽ മനാസിനെ (40) യാണ് ടൗൺ സ്റ്റേഷൻ എസ്ഐ സുബൈറും സംഘവും പഴയങ്ങാടിയിൽ വെച്ച് പിടികൂടിയത്. കോഴിക്കോട് പാസ്പോർട്ട് ഓഫീസിന് സമീപം താമസിക്കുന്ന തേജസ് ഹൗസിൽ റോസ് ജവഹറിന്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 28 ന് വൈകുന്നേരം 3 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയുടെ പുഴാതി പാലക്കാട് സ്വാമി മഠത്തിനടുത്തുള്ള പറമ്പിൽ നിന്നും പ്രതി തേക്ക് മരം ഉൾപ്പെടെ മുറിച്ചുകടത്തികൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.