എയർപോർട്ട് ലിങ്ക് റോഡിന് ഭൂമി ഏറ്റെടുക്കാൻ 73.9 കോടി

കണ്ണൂർ: ജില്ലയിലെ ഏറ്റവും പ്രധാന റോഡായ ചൊറുക്കള -ബാവുപ്പറമ്പ്–മയ്യിൽ–കോളോളം –മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കാൻ 73.9 കോടി രൂപ കിഫ്ബി അനുവദിച്ചു. കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുമായി എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നടത്തിയ ചർച്ചയെ തുടർന്നാണ് തുക അനുവദിച്ചത്. 1600 ഭൂവുടമകളുടെ ഏഴ് ഹെക്ടർ ഭൂമിയാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടിവരിക. ഇതിന്റെ ഭാഗമായി 19(1) വിജ്ഞാപനം അടുത്ത ദിവസം പുറത്തിറങ്ങും. ജില്ലാ കലക്ടർ വിജ്ഞാപനമിറക്കുന്നതോടെ സ്ഥലത്തിന്റെ രേഖകൾ പരിശോധിച്ച് പണം ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകാൻ കഴിയും. ഇതോടൊപ്പം റോഡ് നിർമാണത്തിനാവശ്യമായ 231 കോടി രൂപ അനുവദിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്. തളിപ്പറമ്പ – ശ്രീകണ്ഠാപുരം സംസ്ഥാന പാതയിൽ ചൊറുക്കള നിന്ന് ആരംഭിക്കുന്ന റോഡ് 22.5 കിലോമീറ്ററാണ് നവീകരിക്കുക. വൈദ്യുത തൂണുകളും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനുകളുടെ പൈപ്പുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിച്ചുകൊണ്ടാകും റോഡ് നിർമാണ പ്രവൃത്തി നടത്തുക.
ഇതുൾപ്പെടെയുള്ള വൈദ്യുതി ബോർഡിന്റെയും ജല അതോറിറ്റിയുടെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് അടക്കമുള്ള പ്രവൃത്തികൾക്കാണ് 231 കോടി രൂപ കണക്കാക്കിയിരിക്കുന്നത്. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും കണ്ണൂരിലെ മലയോര മേഖലകളായ ആലക്കോട്, കുടിയാന്മല, ചപ്പാരപ്പടവ്, ചെറുപുഴ, പുളിങ്ങോം ഭാഗത്തുള്ളവർക്കും മലയോര ഹൈവേ വഴി വന്നാൽ എളുപ്പത്തിൽ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാവുന്ന വഴിയാണിത്. തളിപ്പറമ്പ് –മണക്കടവ്– കൂർഗ് റോഡിന്റെ ഭാഗമായ കാഞ്ഞിരങ്ങാട് നിന്നും ഇൗ റോഡിലേക്ക് പ്രവേശിക്കാനും കഴിയും. 69 കോടി രൂപ ചെലവിട്ട് നവീകരണ പ്രവൃത്തി നടക്കുന്ന ഇടിസി- പൂമംഗലം – മഴൂർ– പന്നിയൂർ റോഡുവഴി നടുവിൽ ആലക്കോട്, ഭാഗത്തുള്ളവർക്കും ഇൗ റോഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകും. എയർപോർട് ലിങ്ക് റോഡുമായി ബന്ധിപ്പിക്കുന്ന പൂമംഗലം കൊടിലേരി പാലത്തിന്റെ അപ്രോച്ച് റോഡ് പണിയും അവസാനഘട്ടത്തിലാണ്. ഇതോടെ മലയോരത്തുള്ളവർക്ക് എയർപോർട് ലിങ്ക്റോഡിലേക്ക് എളുപ്പത്തിൽ എത്തി ചേരാൻ കഴിയും. വിമാനത്താവള യാത്രക്കാർക്ക് പുറമെ പ്രധാന തീർത്ഥാടന വിനോദസഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നതും ഇൗ റോഡിന്റെ പ്രധാന്യം വർധിപ്പിക്കുന്നു.