തിരിച്ചെത്തുന്ന മദ്യക്കുപ്പികളുടെ എണ്ണത്തിൽ വൻവർധന

കണ്ണൂർ: ബിവറേജസ് കോർപറേഷന്റെ ഒൗട്‌ലെറ്റുകളിലേക്ക് തിരിച്ചെത്തുന്ന പ്ലാസ്‌റ്റിക് മദ്യക്കുപ്പികളുടെ എണ്ണത്തിൽ വർധന. ദിവസവും ആയിരത്തിലധികം പ്ലാസ്‌റ്റിക് കുപ്പികളാണ് ഇവിടേക്ക് എത്തുന്നത്. പത്തിനാണ് ജില്ലയിലെ ഒൗട്‌ലെറ്റുകളിൽ മദ്യക്കുപ്പി സ്വീകരിക്കാൻ ആരംഭിച്ചത്. ക്ലീൻകേരള കന്പനിക്ക് ഇതുവരെ 8813 മദ്യക്കുപ്പികൾ കൈമാറി ക്കഴിഞ്ഞു. ആദ്യദിനങ്ങളിൽ ജീവനക്കാരെ ഉപയോഗിച്ചാണ് കുപ്പി സ്വീകരിച്ചത്. എന്നാൽ എണ്ണം വർധിച്ചതോടെ എല്ലാ ഒൗട്ട്‌ലെറ്റുകളിലും താൽക്കാലിക ജീവനക്കാരെ നിർത്തി പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചു. സീൽ പതിച്ച കുപ്പികളിൽ മാർക്കുചെയ്‌താണ് ഇരുപത് രൂപ നൽകുന്നത്. നൂറ് കുപ്പികൾ വീതം ഓരോ ചാക്കിലാക്കി ക്ലീൻ കേരള കന്പനിക്ക് കൈമാറും. മൂന്നുദിവസംകൊണ്ട് അയ്യായിരം പ്ലാസ്‌റ്റിക് കുപ്പികൾ ഒൗട്‌ലെറ്റിലെത്തിയെന്ന് മാനേജർ പി മിനി പറഞ്ഞു. കഴിഞ്ഞ ദിവസം 1872 കുപ്പി ക്ലീൻ കേരള കന്പനിക്ക് കൈമാറി. രാവിലെ പത്ത് മുതൽ രാത്രി ഒന്പതുവരെ മദ്യക്കുപ്പികൾ സ്വീകരിക്കാനായി ഒരു താൽക്കാലിക ജീവനക്കാരനെ നിയോഗിച്ച് പ്രത്യേക കൗണ്ടറും ഒൗട്‌ലെറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്നും മിനി പറഞ്ഞു.