പക്ഷിയിടിച്ചു, കണ്ണൂർ – അബുദാബി വിമാനം തിരിച്ചിറക്കി

മട്ടന്നൂർ :പക്ഷിയിടിച്ചതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട വിമാനമാണ് 45 മിനിട്ടിന് ശേഷം തിരിച്ചിറക്കിയത്. വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റിയ വിമാനത്തിൻ്റെ സുരക്ഷാ പരിശോധന നടത്തി. വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 180 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് എത്തുന്ന വിമാനത്തിൽ ഇവരെ ഉച്ചയോടെ അബുദാബിയിലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.