പരീക്ഷ പരിഷ്‌കരിച്ച്‌ മോട്ടോർ വാഹന വകുപ്പ്‌: ലേണേഴ്‌സ്‌ ലൈസൻസ്‌ കിട്ടാൻ ഇനി 18 മാർക്ക്‌ വേണം

Share our post

തിരുവനന്തപുരം: ലേണേഴ്‌സ് ലൈസൻസ് ചോദ്യപേപ്പർ മാതൃകയിൽ മോട്ടോർ വാഹന വകുപ്പ്‌ ഒക്‌ടോബർ ഒന്നുമുതൽ മാറ്റം വരുത്തും. നിലവിൽ പാർട്‌ ഒന്ന്‌ ടെസ്റ്റിൽ (ഓൺലൈൻ ടെസ്റ്റ്) 3 അല്ലെങ്കിൽ 4 ഓപ്ഷനുകളുള്ള 20 ചോദ്യങ്ങളാണ് ഉള്ളത്‌. വിജയിക്കാൻ ഇതിൽ കുറഞ്ഞത് 12 ചോദ്യങ്ങൾക്ക്‌ ശരി ഉത്തരങ്ങൾ നൽകണം. ഓരോ ചോദ്യത്തിനും 15 സെക്കൻഡിനുള്ളിലാണ്‌ ഉത്തരം നൽകേണ്ടത്‌. പുതിയ പാറ്റേണിൽ 30 ചോദ്യങ്ങളുണ്ടാകും. വിജയിക്കാൻ ഇതിൽ കുറഞ്ഞത് 18 ചോദ്യങ്ങൾക്കെങ്കിലും ശരി ഉത്തരം നൽകണം. ഓരോ ചോദ്യത്തിനും 30 സെക്കൻഡിനുള്ളിലാണ്‌ ഉത്തരം നൽകേണ്ടത്‌. പരീക്ഷയുടെ സിലബസ് എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പിൽ ലഭ്യമാണ്. മോക്ക്‌ ടെസ്റ്റുകളും ആപ്പിലുണ്ട്‌. മോക്ക് ടെസ്റ്റുകളിൽ വിവിധ തലങ്ങളിൽ വിജയിക്കുന്നവർക്ക്‌ റോഡ് സുരക്ഷാ സർട്ടിഫിക്കറ്റുകൾ നൽകും. ഇത്തരം സർട്ടിഫിക്കറ്റുകൾ നേടിയവരെ ഡ്രൈവിങ്‌ ടെസ്‌റ്റിന്‌ മുമ്പ് നിർബന്ധിത റോഡ്‌ സുരക്ഷാബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിരിക്കണമെന്ന നിബന്ധനയിൽനിന്ന്‌ ഒഴിവാക്കും. വിദ്യാർഥികൾക്ക് ആപ്പ്‌ ഡ‍ൗൺലോഡ്‌ ചെയ്‌ത്‌ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും ക്യുആർ കോഡ് കാണിച്ച്‌ സ്റ്റുഡന്റ് കൺസഷനോടെ യാത്ര ചെയ്യാം. ഡ്രൈവിങ്‌ പഠിപ്പിക്കുന്നതിന്‌ ഇൻസ്‌ട്രക്ടർമാർ എംവിഡി ലീഡ്‌സ്‌ ആപ്പിൽ ടെസ്‌റ്റ്‌ പാസാകണം. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും റോഡ്‌ സുരക്ഷ സർട്ടിഫിക്കറ്റ്‌ പരീക്ഷ പാസാകണമെന്ന നിബന്ധനയും ഏർപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!