സൺറൂഫിലൂടെ ആരും കാഴ്ചകൾ കാണരുത്; കാരണം ഇതാണ്

Share our post

വാഹനത്തിന് സൺറൂഫ് ആഢംബര സൗകര്യമാണെങ്കിലും കുട്ടികൾ പുറത്തേക്ക് തലയിട്ട് കാഴ്ചകൾ കാണുന്നത് ഏറെ അപകടകരമാണ്. ഇക്കാര്യം മോട്ടോർ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകുന്ന വിഷയമാണ്. കുട്ടികൾ സൺറൂഫിലൂടെ പുറത്തേക്ക് തലയിട്ട് നിൽക്കുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴശിക്ഷ ചുമത്തുന്ന കുറ്റവുമാണ്. ഓടുന്ന കാറിന്‍റെ സൺറൂഫിലൂടെ പുറത്തെ കാഴ്ചകൾ കണ്ട ആൺകുട്ടിയുടെ വലിയ വാഹനങ്ങളുടെ യാത്ര നിയന്ത്രിക്കാൻ സ്ഥാപിച്ച ഓവർഹെഡ് ബാരിയറിൽ ഇടിച്ച് അപകടമുണ്ടാകുന്നതിന്‍റെ ഞെട്ടിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ശനിയാഴ്ച ബംഗളൂരു നഗരത്തിലാണ് സംഭവം നടന്നത്. ‘അടുത്ത തവണ നിങ്ങളുടെ കുട്ടികളെ പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ, ഒരിക്കൽ കൂടി ചിന്തിക്കുക’ എന്ന തലക്കെട്ടോടെയാണ് വിഡിയോ എക്സിൽ പങ്കുവെച്ചിട്ടുള്ളത്. റോഡ് സുരക്ഷയുടെയും മാതാപിതാക്കളുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായത്. തിരക്കേറിയ റോഡിലൂടെ കടന്നു പോകുന്ന എസ്.യു.വിയുടെ സൺറൂഫിലൂടെ പുറത്തേക്ക് നോക്കി കാഴ്ചകൾ കണ്ട് യാത്ര ആസ്വദിക്കുന്ന കുട്ടിയെ വിഡിയോയിൽ കാണാം.

പെട്ടെന്ന്, എസ്‌.യു.വി ഓവർഹെഡ് ബാരിയറിലൂടെ കടക്കുന്നതോടെ കുട്ടിയുടെ തല ആദ്യം ബാരിയറിലും രണ്ടാമത് വാഹനത്തിന്‍റെ ടോപ്പിലും ശക്തയായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സൺറൂഫിലൂടെ വാഹനത്തിന്‍റെ ഉള്ളിലേക്ക് കുട്ടി വീഴുന്നതും വിഡിയോയിൽ കാണാം. കുട്ടിക്കേറ്റ പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ വലിയ പ്രതിഷേധവും വിമർശനവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നവർക്കെതിരെ ഉയർന്നത്. “ഓ.. ഭയങ്കരം. പാവം കുട്ടി. കുട്ടി സുരക്ഷിതനാണെന്ന് പ്രതീക്ഷിക്കുന്നു. ഈ അപകടത്തിന് മാതാപിതാക്കൾ തന്നെയാണ് പൂർണ ഉത്തരവാദികൾ. ഇന്ത്യയിൽ സൺറൂഫ് സൗകര്യം നൽകിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇത് നിരോധിക്കണം.”-വിഡിയോ കണ്ട ഒരാൾ എക്സിൽ കുറിച്ചു. “കുട്ടികളുടെയോ സുഹൃത്തുക്കളുടെയോ തല പുറത്തേക്ക് ഉയരുമ്പോൾ സമാനരീതിയിൽ വാഹനമോടിക്കുന്ന എല്ലാവർക്കും ഒരു മുന്നറിയിപ്പായിരിക്കണം. ശ്രദ്ധിക്കുക!!”. “കുട്ടിയുടെ കാര്യത്തിൽ വളരെ ഖേദമുണ്ട്. അപകടങ്ങളെ കുറിച്ച് അയാൾക്കറിയില്ലെന്ന് കരുതാനാവില്ല. ഒരു രക്ഷിതാവ് അല്ലെങ്കിൽ ഡ്രൈവർ എന്ന നിലയിൽ നമ്മുടെ കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വാഹനമോടിക്കുമ്പോൾ ആരെയും സൺറൂഫ് തുറക്കാൻ അനുവദിക്കരുത്. ഇത് അപകടസാധ്യതയേറിയതാണ്”.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!