ഓണാവധി ആഘോഷിക്കാം, യാത്രപോകാം; കാഴ്ചകളൊരുക്കി മേലരുവി വെള്ളച്ചാട്ടം
 
        കാഞ്ഞിരപ്പള്ളി: ഓണാവധിക്കാലം യാത്രകളുടെയും കാലമാണ്. അവധിയാഘോഷിക്കാൻ മനോഹരമായ സ്ഥലങ്ങൾ തേടി യാത്രചെയ്യുന്നവരാണ് ഏറെയും. എന്നാൽ, തൊട്ടടുത്തുള്ള സ്ഥലങ്ങൾ കാണാതെയും അറിയാതെയും പോകുന്നത് സാധാരണമാണ്. കാഞ്ഞിരപ്പള്ളിയിലെ മേലരുവിയിൽ പ്രകൃതിയൊരുക്കിയിരിക്കുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പാറകളിലൂടെ തട്ടിത്തഴുകിയൊഴുകുന്ന വെള്ളച്ചാട്ടം മനസ്സിന് കുളിർമ നൽകുന്നതാണ്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ദേശീയപാതയിൽനിന്ന് ഒരുകിലോമീറ്റർ മാറിയാണ് മനോഹരമായ വെള്ളച്ചാട്ടം. നിശ്ചലമായ മേൽത്തട്ടിൽനിന്ന് പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറി വീണ് പതഞ്ഞൊഴുകുന്ന കാഴ്ചയാണ് മേലരുവിയെ ആകർഷണീയമാക്കുന്നത്.
ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മേലരുവിക്ക് മറ്റ് അരുവികളെ അപേക്ഷിച്ച് അപകടസാധ്യത കുറവാണ് എന്നതാണ് പ്രത്യേകത. തൊട്ടടുത്തുനിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. കോട്ടയം-കുമളി ദേശീയപാതയിൽ കുന്നുംഭാഗത്തുനിന്നും ഒരുകിലോമീറ്റർ മാത്രമാണ് ഇവടേക്കുള്ള ദൂരം. മേലരുവിയിൽ വികസനമുണ്ടായാൽ തേക്കടി, വാഗമൺ, പാഞ്ചാലിമേട് തുടങ്ങി കിഴക്കൻ മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. മേയ് മുതൽ ഡിസംബർ വരെയുള്ള എട്ടുമാസക്കാലം ഇവിടെ വെള്ളച്ചാട്ടത്താൽ സമൃദ്ധമാണ്. നിലവിൽ ഇവിടേക്ക് ഒരു സൂചനാബോർഡ് മാത്രമാണുള്ളത്. സഞ്ചാരികളെ ആകർഷിക്കാൻ ദേശീയപാതയിൽ നിന്ന് തിരിയുന്നിടത്തും മറ്റ് ജങ്ഷനുകളിലും സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
വിശ്രമകേന്ദ്രമാക്കണം
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേലരുവിയിൽ ടൂറിസം പദ്ധതി ആവിഷ്‌ക്കരിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പൂർത്തിയാക്കിയില്ല.സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും വാഹനങ്ങൾ പാർക്കുചെയ്യുന്നതിനും സൗകര്യങ്ങളൊരുക്കിയാൽ ആളുകളെ ആകർഷിക്കാനാകും.
ഇവിടുത്തെ തടയണയ്ക്ക് ഷട്ടർ ഇല്ലാത്തതിനാൽ ചെളി അടിഞ്ഞ നിലയിലാണ്. മുൻപ് സ്‌കൂൾ കുട്ടികൾ നീന്തൽ പരിശീലനത്തിനായും ഉപയോഗിച്ചിരുന്ന ഈ തടയണയിൽ ചെളിനിറഞ്ഞ് കിടക്കുകയാണ്.മേലരുവിയുടെ ടൂറിസം സാധ്യതകൾ കണ്ടെത്തി വികസനം സാധ്യമാക്കിയാൽ മനോഹരമായ വെള്ളച്ചാട്ടം കാണാൻ കൂടുതൽ ആളുകളെത്തും
ടൂറിസം വികസനത്തിന് നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതിന് ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
ശ്രദ്ധിക്കണം
ചെരിഞ്ഞ് കിടക്കുന്ന പാറയായതിനാൽ തെന്നൽ ഉണ്ടാകും. വെള്ളച്ചാട്ടം ദൂരെനിന്ന് മാത്രം ആസ്വദിക്കുക.
തടയണയിൽ കുളിക്കാൻ ഇറങ്ങുന്നത് ഒഴിവാക്കുക. ആഴവും ചെളിനിറഞ്ഞഭാഗവും വ്യക്തമാകുകയില്ല.
വഴി ചെറുതായതിനാൽ വലിയ വാഹനങ്ങളുമായി കയറിപ്പോകാതിരിക്കുക.

 
                 
                 
                