കോളയാട്ട് യുഡിഎഫ് വോട്ടുകൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തതായി പരാതി

കോളയാട് : പഞ്ചായത്തിലെ വിവിധ വാർഡുകളിലെ യുഡിഎഫ് അനുകൂല വോട്ടുകൾ ഉദ്യോഗസ്ഥർ വ്യാപകമായി നീക്കംചെയ്തതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. സിപിഎം നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ വോട്ടുകൾ നീക്കം ചെയ്തത്. വോട്ട് നീക്കം ചെയ്യുന്നതിനുള്ള ആക്ഷേപത്തിന് ഹാജരാവാനുള്ള ഹിയറിങ്ങ് നോട്ടീസ് പല വോട്ടർമാർക്കും നൽകിയിട്ടില്ല. യഥാർത്ഥ രേഖകളുമായി ഹിയറിങ്ങിന് എത്തിയ വോട്ടർമാരെപ്പോലും വിചാരണ നടത്തി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. എഴുന്നൂറോളം യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎമ്മും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയതെന്ന് വ്യക്തമാണ്. ഇതിനെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകുവാൻ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷനായി. കെ.വി.ജോസഫ് , ഉഷ മോഹനൻ , അന്ന ജോളി , ബിജു കാപ്പാടൻ എന്നിവർ സംസാരിച്ചു.