അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സുകൾക്ക് 30,000 രൂപ പിഴ

കണ്ണൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പയ്യന്നൂർ നഗരസഭ, മാടായി പഞ്ചായത്ത് പരിധികളിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് രണ്ട് ക്വാർട്ടേഴ്സുകൾക്ക് 15,000 രൂപ വീതം പിഴ ചുമത്തി. പയ്യന്നൂർ നഗരസഭ പരിധിയിലെ തായിനേരിയിൽ സ്ഥിതി ചെയ്യുന്ന അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്സിന്റെ പരിസര പ്രദേശത്ത് ചെങ്കൽ കൊണ്ട് കെട്ടി നിർമിച്ച ടാങ്കിൽ ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടത്തിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിനും അടുക്കളയിൽ നിന്നുള്ള മലിനജലം തുറസായി ഒഴുക്കിവിട്ടതിനും 15000 രൂപ പിഴ ചുമത്തി.മാടായി പഞ്ചായത്ത് പരിധിയിലെ പുതിയങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സ് പരിസരത്ത് നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്സിൽ നിന്നുള്ള മാലിന്യങ്ങൾ പൊതു റോഡിനോട് ചേർന്ന് ക്വാർട്ടേഴ്സ് ഉടമയുടെ തന്നെ പറമ്പിൽ തള്ളിയതായി കണ്ടെത്തി. ക്വാർട്ടേഴ്സിന്റെ ഉള്ളിലും പരിസര പ്രദേശത്തും മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നതായും അജൈവ മാലിന്യങ്ങൾ ഹരിത കർമസേനക്ക് കൈമാറുന്നില്ല എന്നും കണ്ടെത്തി. ക്വാർട്ടേഴ്സിന് 15,000 രൂപ പിഴ ഇട്ടു. രണ്ട് ക്വാർട്ടേഴ്സുകൾക്കും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താനും മാലിന്യങ്ങൾ എടുത്തുമാറ്റി ശാസ്ത്രീയമായി സംസ്കരിക്കാനും നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങൾ അലൻ ബേബി, പി.എസ്. പ്രവീൺ, സി.കെ. ദിബിൽ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ലാൽ, മാടായി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.